അരിയിൽ ഷുക്കൂർ വധക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികളായ പി ജയരാജനും ടി വി രാജേഷും

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികളായ പി ജയരാജനും ടി വി രാജേഷും. കള്ളക്കേസാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ടി വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പി ജയരാജൻ പ്രതികരിക്കാൻ തയാറായില്ല. കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചു. പ്രതികൾക്കെതിരേ കൃത്യമായ തെളിവികളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദം ഉന്നയിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെ ബോധപൂർവം പ്രതി ചേർത്തതാണ്. ഇക്കാര്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് പ്രത്യേകിച്ചൊന്നും മറച്ചുവെക്കാനില്ലെന്നും ടി വി രാജേഷ് പറഞ്ഞു.
നേരത്തെ വിടുതൽ ഹർജിയുമായി ടി വി രാജേഷും പി ജയരാജനും കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയും വിചാരണ നടപടികൾക്ക് ഹൈക്കോടതിയിൽ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. വിചാരണകൂടാതെ കേസിൽനിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജനും രാജേഷും എറണാകുളം സി.ബി.ഐ. കോടതിയിൽ ഹർജി എതിർത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ഹർജി സമർപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് അതിവേഗം വിചാരണ തുടങ്ങണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിക്ക് മുമ്പാകെ ഉന്നയിച്ചത്. കേസിലെ എല്ലാ പ്രതികൾക്കുമെതിരേ ഡിജിറ്റൽ രേഖകളടക്കം കൃത്യമായ തെളിവുകളുണ്ട്. കേസിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
2012 ഫെബ്രുവരി 20-നാണ് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുൻ എം.എൽ.എ. ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരേ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെ ഷുക്കൂറിനെ സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 33 പ്രതികളാണ് കേസിലുള്ളത്. ജയരാജൻ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്.
Content Highlights: Ariyil Shukur murder case; Accused P Jayarajan and TV Rajesh denied the crime in the court