അരിയിൽ ഷുക്കൂർ വധം; പി. ജയരാജനെതിരായ മൊഴിമാറ്റിച്ച കേസിലെ സിപിഎമ്മുകാരനെ കോടതി വെറുതേവിട്ടു

തളിപ്പറമ്പ്: പട്ടുവം അരിയിലെ എംഎസ്എഫ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴി മാറ്റിച്ചുവെന്ന കേസിൽ സിപിഎമ്മുകാരൻ കുറുമാത്തൂർ ആര്യവൈദ്യശാലക്ക് സമീപത്തെ സി.പി. സലീമിനെ കോടതി വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിൽ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.വി. അനുരാജാണ് വെറുതേവിട്ടത്.
തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിലെ ജീവനക്കാരൻ കപ്പാലം സ്വദേശി പഴയപുരയിൽ പി.പി. അബു, അള്ളാംകുളത്തെ കെ.പി. മുഹമ്മദ് സാബിർ എന്നിവർ കൊടുത്ത സാക്ഷിമൊഴി വിചാരണസമയത്ത് മാറ്റിപ്പറയാൻ സി.പി. സലീം ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. സംഭവസമയം എംഎൽഎയായിരുന്ന ടി.വി. രാജേഷിനും സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എതിരേയുള്ള മൊഴിയാണിത്. 2013 ജനുവരി 29-ന് വൈകീട്ട് ദേശീയപാതയോരത്തെ കടയുടെ മുൻവശം നിൽക്കുമ്പോൾ സലീം ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ എത്തിച്ച് ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ പറഞ്ഞുവെന്നാണ് പരാതി. അഡ്വ. നിക്കോളസ് ജോസഫും ഈ സമയം അവിടെയുണ്ടായിരുന്നുവെന്നും പരാതിയിലുണ്ടായിരുന്നു.
കേസിൽ രണ്ടാം പ്രതിയായിരുന്ന അഡ്വ. നിക്കോളസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചതിനാൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. 2012 ഫെബ്രവരി 20-ന് ഷുക്കൂർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കേസിനാസ്പദമായ സംഭവം. അരിയിൽവെച്ച് പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടിരുന്നു. ഇരുവരും തളിപ്പമ്പ് സഹകരണ ആസ്പത്രിയിലാണ് ചികിത്സ തേടിയത്. ഈ സമയം ആസ്പത്രിയിലെത്തിയ പി.പി. അബുവും സാബിറും ജയരാജനും രാജേഷും തങ്ങിയ മുറിക്ക് സമീപമെത്തിയിരുന്നു. അവിടെവെച്ചാണ് അകത്തുള്ള സംഭാഷണം കേട്ടത് എന്നായിരുന്നു മൊഴി.
Content Highlights: ariyil shukoor murder witness tampering case