ഒന്നിനും അനുമതിയില്ല, പണം കൊടുത്തോ? അന്താരാഷ്ട്ര കോടതിയിലെ 500 കോടി നഷ്ടപരിഹാര കേസിലും സംശയം

കൊച്ചി: ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീനാ ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാതെ വഞ്ചിച്ചതിന് 500 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടെന്ന സ്‌പോൺസറുടെ വാദവും സംശയത്തിൽ. മെസ്സിയെയും അർജന്റീനാ ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന വാഗ്ദാനത്തിനുപിന്നിൽ നടന്നത് വൻ സാമ്പത്തിക ക്രമക്കേടുകളാണെന്ന സംസ്ഥാന കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയിലെ കേസും സംശയത്തിലായത്. അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് തുക നൽകിയതിന് യാതൊരു രേഖകളുമില്ലെന്ന് റിപ്പോർട്ടുവന്ന സാഹചര്യത്തിൽ കോടതിയിൽ ഏതു രേഖ ഹാജരാക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷനെതിരേ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അവർക്കെതിരേ അന്താരാഷ്ട്ര കോടതിയിൽ എത്തിയതെന്നാണ് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പറഞ്ഞിരുന്നത്. ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീനാ ടീം കൊച്ചിയിൽ കളിക്കാനെത്തുമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നായിരുന്നു പരാതി. ആദ്യം അടച്ച തുകയും അതിന്റെ പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ 500 കോടിയോളം രൂപ നൽകണമെന്നായിരുന്നു ആവശ്യം.
ലയണൽ മെസ്സി ഉൾപ്പെട്ട ടീം കേരളത്തിൽ കളിക്കാനെത്താൻ 330 കോടി രൂപയാണ് അർജന്റീനാ ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യഗഡുമായി 140 കോടി രൂപ അടച്ച സ്‌പോൺസർ രണ്ടാംഘട്ടത്തിൽ 190 കോടി രൂപയും അടച്ചതായാണ് അവകാശപ്പെട്ടത്. കേരളത്തിന്റെ പരാതി അന്താരാഷ്ട്ര കായികകോടതിയിലെത്തിയതോടെ മെസ്സിയും സംഘവും അടുത്ത ഫിഫ വിൻഡോയിൽ കേരളത്തിൽ കളിക്കാനെത്താമെന്ന നിലപാടിലേക്ക് അർജന്റീനാ ഫുട്‌ബോൾ അസോസിയേഷൻ മാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
അതിനിടെ കായികവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. അന്വേഷണം ഉടനെയുണ്ടാകില്ലെന്നാണ് സൂചന. അന്താരാഷ്ട്ര ഫുട്‌ബോൾ ഏജൻസികൾകൂടി ഉൾപ്പെട്ട വിവാദത്തിൽ ശ്രദ്ധയോടെ മുന്നോട്ടുപോകാനാണ് ഇ.ഡി.യുടെ നീക്കം.
എല്ലാം മുൻ മന്ത്രി നേരിട്ട്; ഒന്നിനും അനുമതിയില്ല
: അന്താരാഷ്ട്ര മത്സരം നടത്തിപ്പിനുള്ള ഒരു അനുമതിയുമില്ലാതെയാണ് അർജന്റീനാ ടീമുമായുള്ള മത്സരത്തിന് സ്‌പോൺസർമാരെ ചുമതലപ്പെടുത്തിയുള്ള നടപടികളുമായി മുൻ കായികമന്ത്രി മുന്നോട്ടുപോയത്.
ടെൻഡറുകളൊന്നും ഇല്ലാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോൺസറായി തിരഞ്ഞെടുത്തതും. കത്തിടപാടുകളും ഇ-മെയിലും മന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമം പാലിക്കാതെയാണ് മന്ത്രി അർജന്റീനാ ഫെഡറേഷന് (എ.എഫ്.എ.) കത്തയച്ചത്. ഒരുഘട്ടത്തിലും എ.എഫ്.എ. ഇക്കാര്യത്തിൽ ഉറപ്പുനൽകിയില്ല. ലയണൽ മെസ്സിയോ അർജന്റീനാ ടീമോ കേരളത്തിലെത്തുമെന്ന ഔദ്യോഗിക കരാർ കേന്ദ്രസർക്കാരിനോ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനോ നൽകിയിരുന്നുമില്ല. മന്ത്രിയുടെ ഓഫീസിൽനിന്ന് അർജന്റീനാ സന്ദർശനത്തിന്റെ വിവരം കായികവകുപ്പിന് ലഭിക്കുന്നത് രണ്ടുവർഷങ്ങൾക്കുശേഷമാണ്. 210 കോടി രൂപ ചെലവുവരുന്ന പദ്ധതിയിൽ പ്രതീക്ഷിച്ച വരുമാനം 82 കോടി രൂപയാണ്. സ്വകാര്യ കമ്പനിയുമായുള്ള സ്‌പോൺസർഷിപ്പിലൂടെ ബാക്കി 128 കോടി രൂപ കണ്ടെത്തേണ്ട പദ്ധതിക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നേടിയില്ല. മാനദണ്ഡം പാലിച്ചില്ല
മാനദണ്ഡം പാലിച്ചില്ല
: അന്നത്തെ മുഖ്യമന്ത്രി യോഗം വിളിച്ചാണ് കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌പോൺസർക്ക് നൽകാൻ തീരുമാനിച്ചത്. നിയമപരമായ നടപടിക്രമം പാലിക്കാതെയും നഷ്ടപരിഹാരം ഉറപ്പാക്കാതെയുമാണ് സ്‌റ്റേഡിയം കൈമാറിയത്. സ്‌റ്റേഡിയത്തിന് ഫിഫ രജിസ്‌ട്രേഷനും ഉണ്ടായില്ല. ഇക്കാര്യത്തിൽ അന്നത്തെ ചീഫ് സെക്രട്ടറിക്ക് മേൽനോട്ടക്കുറവുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പണം കൈമാറ്റത്തിന് തെളിവില്ല; ഇടനിലയ്ക്ക് വിവാദ ഏജൻസി
: അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് 126 കോടി കൈമാറിയെന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, പണം കൈമാറിയതിന്റെയോ അർജന്റീനാ ടീം കൈപ്പറ്റിയതിന്റെയോ തെളിവ് കായികവകുപ്പിന്റെ പക്കലില്ല. ടൂർ പ്രോഡ് എന്റർപ്രൈസസ് എന്ന ഏജൻസിയാണ് പണം കൈമാറ്റത്തിന്റെ ഇടനിലക്കാർ. അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ.യുടെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ടൂർ പ്രോഡ് എന്റർപ്രൈസസ്. 15 മില്യൺ ഡോളറാണ് നൽകേണ്ടിയിരുന്നത്. പണം നൽകിയോ, തിരികെ ലഭിച്ചോ, എത്രതവണ നികുതി അടച്ചു തുടങ്ങിയ കാര്യങ്ങളിലും അവ്യക്തതയുണ്ട്. നേരത്തേ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനെ സ്‌പോൺസർമാരാക്കാൻ ധാരണയുണ്ടായിരുന്നു. അവരിൽനിന്ന് സർക്കാർ പണം പിരിച്ചിട്ടുണ്ടോയെന്നതും കണ്ടെത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Content Highlights: Sponsor's 500 crore compensation claim over Lionel Messi's canceled Kerala match faces severe doubts., State sports department report reveals no proof of payment to the Argentina Football Association., Lack of official approvals and tender procedures during the former sports minister's tenure highlighted.