'ഇതാണ് ഞങ്ങളും ശ്വസിക്കുന്നത്,ഇതാകും ഞങ്ങളുടെയുംഗതി'; കോഴിമാലിന്യ സംസ്കരണപ്ലാന്റിലെ മരണത്തിൽ ഞെട്ടൽ

അരീക്കോട്(മലപ്പുറം): ഈ മണമാണ് ഞങ്ങളും ശ്വസിക്കുന്നത്. ഇങ്ങെനപോയാല് എന്താകും ഞങ്ങളുടെ ഗതി. ഊര്‍ങ്ങാട്ടിരി കളപ്പാറ അനുഗ്രഹ ഹാച്ചറി ആന്‍ഡ് പൗള്‍ട്രി ഫാമിന്റെ സമീപത്തു താമസിക്കുന്ന നാട്ടുകാരന് കെ. ജംഷീദിന്റെ വാക്കുകളാണിത്. ഫാമിനു കീഴിലുള്ള കോഴിമാലിന്യ സംസ്കരണപ്ലാന്റിലെ മൂന്നു തൊഴിലാളികള്‍ ടാങ്കില്‍ വീണു മരിച്ചത് അറിഞ്ഞതുമുതല്‍ ജംഷീദും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
പ്ലാന്റിലെ ജീവനക്കാര്‍ സംഭരണിയിലെ കെമിക്കല്‍ ശ്വസിച്ചാണ് മരിച്ചതെങ്കില്‍ അതാകും ഞങ്ങളുടെയും ഗതി. വൈകീട്ട് നാലാകുമ്പോഴും രാത്രി 11-നു ശേഷവും പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം പ്രദേശത്തു പരക്കാറുണ്ട്. ആ സമയങ്ങളില്‍ ഭക്ഷണംപോലും കഴിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ താമസിക്കുന്ന ഇത്തരം സ്ഥലങ്ങളിലല്ല പ്ലാന്റ് പണിയേണ്ടതെന്ന് ജംഷീദ് മാതൃഭൂമിയോട് പറഞ്ഞു.
ഷെഡ്ഡിന് ലൈസന്‍സില്ല
അപകടം നടന്ന ഷെഡ്ഡിന് പഞ്ചായത്തിന്റെ കെട്ടിട ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കളപ്പാറ വാര്‍ഡംഗം അബ്ദുള്‍റഷീദ് പറഞ്ഞു. പ്ലാന്റിലെ മാലിന്യവെള്ളമെത്തുന്ന സംഭരണിയിലാണ് അപകടം നടന്നത്. ആദ്യം ഷെഡ്ഡൊന്നുമില്ലാതെ തുറന്നരീതിയിലായിരുന്നു സംഭരണികള്‍. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഉടമകളോട് പരാതിപറഞ്ഞു. പിന്നീടാണ് ഷീറ്റുകൊണ്ട് ഷെഡ് പണിതത്. ആറുമാസം മുന്‍പാണ് കോഴിമാലിന്യ സംസ്കരണകേന്ദ്രം പണിതതെന്നും അബ്ദുള്‍റഷീദ് പറഞ്ഞു.
പ്ലാന്റ് സുരക്ഷിതം -മാനേജര്‍
അനുഗ്രഹ ഹാച്ചറി ആന്‍ഡ് പൗള്‍ട്രി ഫാം സുരക്ഷിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാനേജര്‍ ഫസല്‍ ഉസ്മാന് മാതൃഭൂമിയോട് പറഞ്ഞു. ഫാമിനു കീഴിലുള്ള കോഴിമാലിന്യ സംസ്കരണപ്ലാന്റിലാണ് അപകടം നടന്നത്. സംസ്കരണം എട്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏഴു സംഭരണികളിലെ സംസ്കരണത്തിനുശേഷമാണ് എട്ടാമത്തെ വിഭാഗമായ മലിനജലസംഭരണിയിലേക്ക് വെള്ളമെത്തുന്നത്. മലിനജലമെത്തുന്ന ഷെഡില്‍ 5000 ലിറ്റര്‍ ശേഷിയുള്ള എട്ടു സംഭരണികളുണ്ട്. അതില്‍ രണ്ടാമത്തെ സംഭരണിയിലാണ് അപകടമുണ്ടായത്. ആറടിയാണ് നീളം. അടപ്പിന് 60 സെന്റീമീറ്ററാണ് വീതി. നിലവില്‍ ടാങ്ക് വൃത്തിയാക്കേണ്ട ആവശ്യമില്ല. ശുദ്ധീകരിച്ച വെള്ളം ചെടികള്‍ നനയ്ക്കാനാണ് ഉപയോഗിക്കുക. സംസ്കരണത്തിനുശേഷം 30 ശതമാനം പൊടിയും 70 ശതമാനം വെള്ളവുമുണ്ടാകും. മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കുമുള്ള പ്രോട്ടീന്‍ ഭക്ഷണമാണ് പ്ലാന്റില്‍ നിര്‍മിക്കുന്നത്.
അപകടത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ഫസല്‍ ഉസ്മാന് പറഞ്ഞു. വെള്ളത്തിന്റെ അളവ് നോക്കുന്നത് തൊഴിലാളികളാണ്. ഒന്നു നിറഞ്ഞാല്‍ അടുത്ത ടാങ്കിലേക്ക് പൈപ്പിലൂടെ വെള്ളം മാറ്റും. അളവ് പരിശോധിക്കാന്‍ നോക്കിയപ്പോള്‍ വീണതാകാമെന്നാണു സംശയം. ഓക്സിജന്റെ അളവ് ടാങ്കില്‍ കുറവായിരിക്കും. അപകടസമയത്ത് മുട്ടോളം വെള്ളം മാത്രമേ സംഭരണിയില്‍ ഉണ്ടായിരുന്നുള്ളൂ.
Content Highlights: Three workers died after falling into a tank at a poultry waste treatment plant in Kerala