വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കി; ആചാരലംഘനമെന്ന് തന്ത്രി, പരസ്യ പരിഹാരക്രിയ വേണമെന്നും നിര്‍ദേശം

#മാതൃഭൂമി ന്യൂസ്

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ദേവസ്വംബോര്‍ഡിന് തന്ത്രിയുടെ കത്ത്. വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കിയത് ആചാരലംഘനമാണെന്നും പരസ്യ പരിഹാരക്രിയ വേണമെന്നുമാണ് കത്തില്‍ പറയുന്നത്. ഒക്ടോബര്‍ 12-നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്.

പരിഹാരക്രിയകള്‍ പരസ്യമായി തന്നെ വേണമെന്നാണ് തന്ത്രിയുടെ നിര്‍ദേശം. പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവന്‍ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്‍പില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണം. 11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം. ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണമെന്നും തന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപരമായി സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

സെപ്റ്റംബര്‍ 14-നായിരുന്നു ആറന്മുള വള്ളസദ്യ. ദേവസ്വം മന്ത്രി വി.എന്‍. വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകന്‍. എന്നാല്‍, ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റുവിശിഷ്ടവ്യക്തികള്‍ക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു ആക്ഷേപം. മന്ത്രിക്കും മറ്റുള്ളവര്‍ക്കും മറ്റുതിരക്കുകളുണ്ടായതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേവാസംഘം ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം.

Content Highlights: Tantri`s letter to Devaswom Board alleges ritual breach during Aranmula Ashtami Rohini Vallasadya. Demands public atonement and specific remedial actions.