വള്ളസദ്യക്കാലത്തിലേക്ക്, ആറന്മുള വഴിപാട് വള്ളസദ്യ 19-ന് തുടങ്ങും; ഉദ്ഘാടനം ദേവസ്വംമന്ത്രി K മുരളീധരൻ

#ന്യൂസ് ഡെസ്ക്
ഫയൽചിത്രം- മാതൃഭൂമി
ഫയൽചിത്രം- മാതൃഭൂമി

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനംചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളിൽ, ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള 51 പള്ളിയോടം പങ്കെടുക്കും. 19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട്‌ നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങും.

ഇലയിൽ 44 വിഭവമുണ്ടാകും. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വിളമ്പിനൽകും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുൾപ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യ ബുക്കുചെയ്തു. 550 എണ്ണം നടന്നേക്കും. ഇത് സർവകാലറെക്കോഡാണ്.

ദിവസം കുറവ്, സദ്യയുടെ എണ്ണം കൂടുതൽ

ഇത്തവണ ഓണം നേരത്തേയായതിനാൽ 56 ദിവസമേ വള്ളസ്സദ്യയ്ക്കുള്ളൂ. അതിനാൽ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെയായി കൂടും. 20 സദ്യാലയമുണ്ടാകും. 16 കോൺട്രാക്ടർമാർ സദ്യയൊരുക്കും. കഴിഞ്ഞതവണ 82 ദിവസം വള്ളസ്സദ്യ നടന്നിരുന്നു.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസംവഴി ദിവസേന എട്ട് ബസുവീതം എത്തും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തിൽ 20-ന്‌ ആരംഭിക്കും. 300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം. സെപ്റ്റംബർ നാലിന് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കും.

വഞ്ചിപ്പാട്ട് മത്സരം

പള്ളിയോടസേവാസംഘം നടത്തുന്ന സോപാനം വഞ്ചിപ്പാട്ട് മത്സരം ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30-ന് ആരംഭിക്കും. 23 വരെയാണ് മത്സരം. ഒന്നാംസ്ഥാനം നേടുന്ന കരയ്ക്ക് സുവർണ ട്രോഫിയും കാഷ് അവാർഡും ലഭിക്കും. വഞ്ചിപ്പാട്ട് സെമിനാറും സംഘടിപ്പിക്കും.

പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ഫുഡ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Content Highlights: Vallasadya rituals commence on July 19, 2026, and conclude on September 16., A record-breaking 485 bookings already confirmed, with expectations reaching 550., The event features 51 Palliyodams and 44 traditional dishes per feast., Online booking available at aranmulaboatrace.com., Uthrittathi Boat Race scheduled for August 30, 2026., Ashtamirohini Vallasadya set for September 4, 2026.