അനുപമയുടെയും അജിത്തിന്റെയും കൈപിടിച്ച് എയ്ഡന്‍; കടല്‍ത്തീരത്തെ ഫോട്ടോഷൂട്ട് വൈറല്‍

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ആഴ്ച നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുഞ്ഞ് എയ്ഡനൊപ്പം പുതിയ ജീവതം ആരംഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ അനുപമയും അജിത്തും. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കടല്‍ത്തീരത്ത് നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി കടല്‍ത്തീരത്തുകൂടി മുണ്ടും ഷര്‍ട്ടും ധരിച്ച് നടന്നുനീങ്ങുന്ന എയ്ഡന്‍ തന്നെയാണ് ഫോട്ടോയിലെ താരം. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ഇരുവരുടെയും സന്തോഷമാണ് ഫോട്ടോകളില്‍ നിറയുന്നത്.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയം. നിയമപോരാട്ടത്തിനൊടുവില്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരുന്നത്. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിര്‍ത്തലാക്കിയാണ് ആന്ധ്രാ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്.
content highlights: anupama ajith and aden, family photoshoot
Content Highlights: