അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചു, ഇൻറർപോളിന്റെ കത്ത് നിർണായകമായി; 32 വർഷത്തിനുശേഷം സുപ്രധാന വിധി

#ന്യൂസ് ഡെസ്ക്
ആന്റണി രാജു | Photo: mathrubhumi archives
ആന്റണി രാജു | Photo: mathrubhumi archives

തിരുവനന്തപുരം: 32 വർഷം പഴക്കമുള്ള വിചിത്രമായ ഒരു കേസിലാണ് മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ആൻറണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് രക്ഷപ്പെടാൻ അഭിഭാഷകൻ അവസരമൊരുക്കി എന്നാണ് കേസ്. കോടതി ജീവനക്കാരൻ ഒന്നാം പ്രതിയും മുൻ മന്ത്രി രണ്ടാം പ്രതിയുമായ കേസ് കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തിൽത്തന്നെ അപൂർവമായിരിക്കും.

1990-ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നു. അന്വേഷണത്തിന് ശേഷം പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതേവർഷംതന്നെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണയ്‌ക്കെടുത്തു.

പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തോറ്റു. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. എന്നാൽ, തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു.

പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്കുവേണ്ടി ഹൈക്കോടതിയിൽ വക്കാലത്തെടുത്തത്. കേസിൽ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതേവിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമായിരുന്നു. പ്രതിക്ക് ഇടാൻ കഴിയാത്ത വിധം ചെറുതായിരുന്നു ഈ അടിവസ്ത്രം എന്ന് കോടതിക്ക് ബോധ്യമായി. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരിട്ട് ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.

ഓസ്‌ട്രേലിയിലേക്ക് കടന്ന സാൽവദോർ സർവലി അവിടെ ഒരു കൊലക്കേസിൽ പെട്ടു. മെൽബൺ റിമാൻഡ് സെന്ററിൽ തടവിൽ കിടക്കുമ്പോൾ സഹതടവുകാരനോട് കേരളത്തിലെ കേസിൽ, അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം ആൻഡ്രൂ പറയുകയുണ്ടായി. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് പറഞ്ഞു. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സി.ബി.ഐക്ക് അയച്ചു.

സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്തുനിന്നാണ് ഈ കത്ത് കേരള പോലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. കെ.കെ. ജയമോഹൻ 1994-ൽ വിജിലൻസിന് പരാതി നൽകി. യഥാർഥ അടിവസ്ത്രം ജൂനിയർ അഭിഭാഷകൻ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്ത് മാറ്റിയെന്നായിരുന്നു പരാതി. മൂന്നുവർഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവായി.

ആന്റണി രാജു, ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. ഇതിനിടെ ആന്റണി രാജു എം.എൽ.എ.യായി. 2005-ൽ കേസ് പുനരന്വേഷിക്കാൻ ഐ.ജി.യായിരുന്ന ടി.പി. സെൻകുമാർ ഉത്തരവിട്ടു. 2006-ൽ വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും എട്ടുവർഷം കേസ് വെളിച്ചംകണ്ടില്ല. 2014-ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയിൽ ആന്റണി രാജു ഹാജരാകാത്തതിനാൽ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.

നെടുമങ്ങാട് കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ വഞ്ചനാക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ഈ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂർത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണു വിസ്തരിച്ചത്. കുറ്റപത്രം സമർപ്പിച്ചത് 13 വർഷം കഴിഞ്ഞാണ്. മുപ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് നടപടി.

Content Highlights: Decades-old case finally sees Antony Raju convicted after numerous delays. Learn about the complex legal battle and the final verdict.