കോടികളുടെ വീട് രണ്ടു കോടിക്ക് സ്വന്തമാക്കി; ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

#അനു എബ്രഹാം
ബത്തേരി കോടതിയിൽനിന്ന് ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയിൽ കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
ബത്തേരി കോടതിയിൽനിന്ന് ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയിൽ കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: വീട്ടിൽ പരിധിയിൽക്കവിഞ്ഞ് മദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലുള്ള റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കന്പനി മേധാവി ആന്റോ അഗസ്റ്റിൻ, ജപ്തിചെയ്ത സ്വന്തംവീട് തിരിച്ചുപിടിക്കാൻ നടത്തിയതും ദുരൂഹ ഇടപാട്. വീടും 36.25 സെന്റ്‌ സ്ഥലവും ഈട്‌ നൽകി പൊതുമേഖലാബാങ്കിൽനിന്ന്‌ എടുത്ത 13.57 കോടി രൂപയുടെ വായ്പ കുടിശ്ശികയായതോടെ ബാങ്ക്‌ ഇത്‌ ലേലത്തിന്‌ വെക്കുകയായിരുന്നു. ലേലത്തിൽ പിടിച്ചതാകട്ടെ ­ആന്റോയുടെ ഭാര്യാമാതാവിന്റെ പേരിലും. കോടികൾ വിലമതിക്കുന്ന വസ്തു വെറും രണ്ടുകോടിക്കാണ് ഭാര്യയുടെ അമ്മ ലില്ലിയുടെപേരിൽ തിരിച്ചു പിടിച്ചത്.

ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബാങ്ക് അധികൃതർ ഇതുവരെ സമ്മതം നൽകിയിട്ടില്ലെന്നാണ് വിവരം. അതിനാൽ, കെട്ടിടനികുതിയടയ്ക്കുന്നതും കൈവശവുമെല്ലാം ഇപ്പോഴും ആന്റോയുടെ പേരിൽത്തന്നെ. നാലുവർഷംമുൻപ് ജപ്തിചെയ്ത ഈ വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം അളവിൽക്കൂടുതൽ മദ്യം പിടിച്ചത്. ഈ വീട് തന്റെ പേരിലല്ലെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആന്റോ ഹൈക്കോടതിയിലുൾപ്പെടെ വാദിച്ചിരുന്നു.

ഭാര്യാമാതാവാണ് വസ്തു ലേലത്തിലെടുത്തതെന്ന വിവരം മറച്ചുവെച്ച് ബാങ്കിന്റെ പഴയ വിൽപ്പന സർട്ടിഫിക്കറ്റ് ആന്റോ കോടതിയിൽ ഹാജരാക്കുകയുംചെയ്തിരുന്നു. കെട്ടിടനികുതി അടയ്ക്കുന്നത് ആന്റോതന്നെയാണെന്നതടക്കമുള്ള വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

ഇല്ലാത്ത വാഹനങ്ങളുടെപേരിൽ വായ്പ

‘ഏഷ്യൻ മോട്ടോഴ്സ്’ എന്നപേരിൽ ആന്റോ തുടങ്ങിയ വാഹനഷോറൂമിന്റെ നടത്തിപ്പിനെന്ന പേരിലാണ് 2013-ൽ പൊതുമേഖലാബാങ്കിൽനിന്ന് വായ്പയെടുത്തത്. ചൈനയിൽനിന്ന് എം.എം.ഡബ്ല്യു. ട്രക്ക് ഇറക്കുമതിചെയ്ത് ഡീലർഷിപ്പ് നടത്താനുള്ള കമ്പനിയെന്നാണ് ബാങ്കുകാരെ ധരിപ്പിച്ചത്. വിൽപ്പനയ്ക്ക് സൂക്ഷിക്കാനായി വാഹനങ്ങളും അനുബന്ധഭാഗങ്ങളും വാങ്ങുന്നതിന് 11.57 കോടിയുടെ കാഷ് ക്രെഡിറ്റ് എടുത്ത‌താണ് ഒന്ന്. ഇതിനുപുറമേ, 10 വാഹനങ്ങൾ വാങ്ങാൻ രണ്ടുകോടി രൂപയുടെ ടേം ലോണും കൈപ്പറ്റി.

പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ഷോറൂമിൽ പ്രദർശിപ്പിക്കാനായി വാഹനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. വ്യവസ്ഥകൾ ലംഘിച്ചതിനാൽ വായ്പത്തുക തിരിച്ചുപിടിക്കാനും ബാങ്ക് നടപടി തുടങ്ങി. കുടിശ്ശികത്തുക തിരിച്ചുപിടിക്കാൻ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ അപേക്ഷയും നൽകിയിരുന്നു. തുടർനടപടിയെന്ന നിലയിലാണ് 2022 ജൂൺ 30-ന് വീടും സ്ഥലവും ലേലത്തിൽവെച്ചത്. 36.25 സെന്റിൽ വീടിരിക്കുന്ന ഭാഗംമാത്രം പതിനൊന്നേകാൽ സെന്റ് വരും. ഓൺലൈനായി നടത്തിയ ലേലത്തിൽ ഭാര്യാമാതാവുമാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.

ഒരേ സ്ഥലം ഈടായി രണ്ടുബാങ്കിൽ

2013-ലെ വായ്പ നിലനിൽക്കേ അതിൽ ഈടായി നൽകിയ അതേ വീട് ആന്റോ മറ്റൊരു പൊതുമേഖലാ ബാങ്കിൽക്കൂടി പണയംവെച്ച് വായ്പയെടുത്തതായും ആരോപണമുണ്ട്. വായ്പത്തിരിച്ചടവുകേസുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

Content Highlights: Reporter TV MD Anto Augustine allegedly orchestrated a dubious transaction to buy back his bank-attached house through his mother-in-law after defaulting on a multi-crore loan.