അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുത്ത് എക്സൈസ്

സുൽത്താൻബത്തേരി: വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽകൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുത്ത് എക്സൈസ് സംഘം.
അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട്ടുവീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമായിരുന്നു ആന്റോയുടെ മൊഴി. ഈ പശ്ചാത്തലത്തിലാണ് ലില്ലിക്കുട്ടിയുടെ െമാഴിയെടുത്തത്.
വീടും 36.25 സെന്റ് സ്ഥലവും ഈട് നൽകി പൊതുമേഖലാബാങ്കിൽനിന്ന് ആന്റോ എടുത്ത 13.57 കോടിരൂപയുടെ വായ്പ കുടിശ്ശികയായതോടെ ബാങ്ക് വസ്തു ലേലത്തിൽവെച്ചിരുന്നു. ലേലത്തിൽ പിടിച്ചത് ആന്റോയുടെ ഭാര്യാമാതാവായിരുന്നു.
കോടികൾ വിലമതിക്കുന്ന വസ്തു വെറും രണ്ടുകോടി രൂപയ്ക്കാണ് ആന്റോ ഭാര്യാമാതാവിന്റെ പേരിൽ തിരിച്ചുപിടിച്ചത്. വീട് ലേലത്തിൽ പിടിച്ചെങ്കിലും ഉടമസ്ഥാവകാശം ബാങ്ക് കൈമാറിയില്ലെന്നാണ് ലില്ലിക്കുട്ടി എക്സൈസിന് മൊഴി നൽകിയതെന്ന് അറിയുന്നു.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് കോഴിക്കോട്ടുനിന്നുള്ള എക്സൈസ് സംഘം ഇവരുടെ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയത്. ഒന്നരമണിക്കൂറോളം ലില്ലി ജോസിന്റെ മൊഴിയെടുത്തശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഘം മടങ്ങിയത്.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട്ടുവീട്ടിൽ പരിശോധന നടത്തവേയാണ് 69.589 ലിറ്റർ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് അബ്കാരി നിയമപ്രകാരം അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് എക്സൈസ് കേസെടുത്തു.
വിദേശനിർമിത മദ്യവും ഇന്ത്യൻ മദ്യവും ആൽക്കഹോൾ അടങ്ങിയ പാനീയവും കണ്ടെത്തിയിരുന്നു. ഈ കേസിൽ റിമാൻഡിലായ ആന്റോ ഹൈക്കോടതിയിൽനിന്ന് ജാമ്യംനേടുകയായിരുന്നു.
Content Highlights: Excise department recorded the statement of Lilly Jose, mother-in-law of Reporter Broadcasting Company head Anto Augustine., Statement was taken regarding the illegal liquor stash found in the Vazhavatta ancestral house.