ജാമ്യവഴി അടഞ്ഞത് സ്വന്തം വീടല്ലെന്ന ആന്റോയുടെ വാദം പ്രോസിക്യൂഷൻ പൊളിച്ചതോടെ; കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ്

#സ്വന്തം ലേഖകൻ
ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ
ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാൻ കാരണമായത് പ്രോസിക്യൂഷന്റെ പഴുതടച്ച വാദങ്ങൾ. സ്വന്തം വീട്ടിൽ നിന്നല്ല മദ്യം പിടിച്ചതെന്ന ആന്റോയുടെ വാദം സമർഥമായി പൊളിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് ആന്റോയ്ക്ക് ജാമ്യത്തിനുള്ള വഴി അടഞ്ഞത്.

അനധികൃത മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ല എന്ന വാദമാണ് ആന്റോയുടെ അഭിഭാഷകൻ കോടതിയിൽ പ്രധാനമായി ഉന്നയിച്ചത്. ചില കോടതിവ്യവഹാരങ്ങളുടെ ഭാഗമായി മറ്റൊരാളിലേക്ക് വീടിന്റെ കൈവശാവകാശം മാറിയെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ വീട് ആന്റോയുടേത് തന്നെയാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതോടെ ഈ വാദം പൊളിയുകയായിരുന്നു. വീട് ആന്റോയുടേത് തന്നെയാണെന്ന് തെളിയിക്കുന്ന മുട്ടിൽ പഞ്ചായത്തിൽ നിന്നുള്ള രേഖയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്.

Related News: ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

വലിയ സ്വാധീനശേഷിയുള്ള വ്യക്തിയാണ് പ്രതിയെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങളും കോടതി അംഗീകരിച്ചു. കേസിൽ തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി എക്‌സൈസ് ഉടൻ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കും.

കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ എന്ന വീട്ടിൽനിന്നാണ് പോലീസ് മദ്യം കണ്ടെത്തിയത്. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പരിശോധനയ്ക്കിടെയായിരുന്നു ഇത്. തുടർന്ന് പോലീസ് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. സംഘം കഴിഞ്ഞദിവസം വൈകീട്ട് നാലര വരെ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തുടർന്ന് രാത്രിയാണ് കോടതിയിൽ ഹാജരാക്കിയതും പ്രതി റിമാൻഡിലായതും.

Content Highlights: Sultan Bathery Court denied bail to Anto Augustine after prosecution submitted Muttil Panchayat records proving ownership of the house where illegal liquor was seized. Excise will move for custody for further investigation.