അന്തിയുറങ്ങുന്നത് ജോലി ചെയ്യുന്ന ബസില്‍, അനൂപ് അധികാരികളോട് ചോദിക്കുന്നത് സഹായമല്ല, ഒരു മേല്‍വിലാസം

#എം.ഷമീര്‍
അനൂപ് കൃഷ്ണ
അനൂപ് കൃഷ്ണ

കാസര്‍കോട്: കിടക്കാനൊരിടമില്ല, സ്വന്തമെന്നു പറയാനും ആരുമില്ല. പറയാന്‍ സ്ഥിരമായൊരു മേല്‍വിലാസം പോലുമില്ല അനൂപ് കൃഷ്ണയ്ക്ക്. രാഷ്ട്രീയനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സഹായം ചോദിച്ച് മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും അതിദരിദ്രനും അനാഥനുമായി തുടരുകയാണ് അനൂപ്. രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമ്പോഴും ഇതുപോലുള്ളവരും ഇവിടുണ്ടെന്നു അധികാരികള്‍ മനസ്സിലാക്കണം.

കന്നഡ കലര്‍ന്ന മലയാളവുമായി 22 വര്‍ഷമായി കാസര്‍കോട്ടുണ്ട് അനൂപ്. ഹരിയാണക്കാരനായ മുജീബിന്റെയും കര്‍ണാടക സ്വദേശിനി പരേതയായ സന്ധ്യയുടെയും മൂത്ത മകനാണ്. തീവണ്ടിയില്‍ പിതാവിനൊപ്പം ഭിക്ഷാടനം നടത്തുന്നതിനിടയിലാണ് ജീവിതം മാറുന്നത്.

2003-ല്‍ തീവണ്ടിയില്‍വെച്ച് കണ്ട ഉപ്പളയിലെ കുടുംബം അച്ഛനില്‍നിന്ന് വിലയ്ക്കു വാങ്ങുകയായിരുന്നു. സ്ഥിരം മദ്യപനായ പിതാവിന് 2000 രൂപ നല്‍കിയാണ് വീട്ടുജോലിക്കായി ഇവര്‍ ഏറ്റെടുത്തത്. ഒരുവര്‍ഷം ആ വീട്ടുകാരുടെ പീഡനം സഹിച്ച് അവിടെ കഴിഞ്ഞു.

ബാലവേല കണ്ടെത്തുന്നതിനുള്ള ടാസ്‌ക്ഫോഴ്സിന്റെ പരിശോധനയുടെ ഭാഗമായി കുമ്പള പോലീസ് അനൂപിനെ ഈ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി. പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമിലെത്തിച്ചു. അവിടെനിന്ന് പത്താം ക്ലാസ് വരെ പഠിച്ചു. ശേഷം തലശ്ശേരിയിലെ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്കുമെത്തി. ഇവിടെനിന്നും ഇറങ്ങിയശേഷമാണ് അനൂപിന്റെ ജീവിതത്തിലേക്ക് പ്രതിസന്ധികള്‍ വീണ്ടുമെത്തുന്നത്.

അന്തിയുറങ്ങാന്‍ വാടകവീട് അന്വേഷിക്കുമ്പോള്‍ കുടുംബത്തിന് മാത്രമേ നല്‍കുകയുള്ളൂവെന്ന കാരണം പറഞ്ഞൊഴിവാക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം സഹായത്തിന് അപേക്ഷിക്കുമ്പോള്‍ സ്ഥിരമായൊരു മേല്‍വിലാസമില്ലാത്തതിനാല്‍ ഒഴിവാക്കപ്പെടും. ഹോട്ടലുകളില്‍ പാത്രം കഴുകിയും വീടുകളിലെത്തി തേങ്ങ പൊതിച്ചുമൊക്കെയായിരുന്നു അനൂപിന്റെ അതിജീവനം ഇത്രകാലവും സാധ്യമായത്.

അന്തിയുറക്കം ബസില്‍

സ്ഥിരമായൊരു മേല്‍വിലാസം വേണമെന്നതാണ് അനൂപിന്റെ ഏറെനാളായുള്ള ആവശ്യം. ഇതിനായി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ വഴി മുഖ്യമന്ത്രിക്കും നേരിട്ടെത്തി കളക്ടര്‍ക്കും അപേക്ഷ നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പരിഹാരമായിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചെങ്കിലും എന്താണ് പരിഹാരമെന്നത് മാത്രം വ്യക്തമാക്കിയില്ല. അതെന്താണെന്നു അറിയാനായി ജില്ലാ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും അവിടെനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.

വര്‍ഷങ്ങളായി റോഡരികിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെയായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ സ്വകാര്യബസുകളില്‍ കണ്ടക്ടറായി ജോലിചെയ്യുന്നു. സര്‍വീസെല്ലാം കഴിഞ്ഞ് ബസ് നിര്‍ത്തുമ്പോള്‍ അതില്‍ അന്തിയുറങ്ങും. സ്ഥിരമായ ഒരു മേല്‍വിലാസവും ജോലിയും ഉണ്ടായാല്‍ അധ്വാനിച്ച് കിട്ടുന്ന വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ച് സ്വന്തമായി ഒരു വീടും കുടുംബവും വേണമെന്നൊക്കെ ആഗ്രഹമുണ്ട്.

Content Highlights: Anoop, a man with no home or identity in Kerala, highlights the plight of the extremely poor, even as the state boasts of destitution-free status. Discover his story and the challenges he faces.