'EYൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല, ആരുടേയും മക്കൾക്ക് ഇതുണ്ടാകരുത്; നിയമനടപടിക്ക് ഞങ്ങളില്ല'

സിബി ജോസഫ്, അന്ന സെബാസ്റ്റ്യൻ | Photo: Mathrubhumi
സിബി ജോസഫ്, അന്ന സെബാസ്റ്റ്യൻ | Photo: Mathrubhumi

കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഭാഗത്തുനിന്നും ഇതുവരെ വ്യക്തമായ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് പുണെ ഇ.വൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ്. 

നേരത്തെ, ഇ.വൈയില്‍നിന്ന് നാലുപേര്‍ വന്നിരുന്നു. നടപടി എടുക്കുമെന്ന് പറഞ്ഞാണ് അവര്‍ വീട്ടില്‍ നിന്നും പോയത്. എന്നാല്‍, എന്ത് നടപടിയാണെന്ന് ഇപ്പോഴും വ്യക്തമല്ല.  ഇനി അവര്‍ നടപടി എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നും തങ്ങൾക്കറിയില്ലെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

നിയമപരമായി മുന്നോട്ട് പോവില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. തന്റെ മകൾ ഇനി തിരിച്ചുവരില്ല. മറ്റൊരാളുടെ മകനോ മകള്‍ക്കോ ഇത് വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിതജോലിഭാരം മൂലമാണ് അന്നയുടെ മരണമെന്ന ആരോപണം നിലനിൽക്കെ കമ്പനിയുടെ പങ്കാളികൾ, സീനിയർ മാനേജർ, എച്ച്.ആർ മാനേജർ എന്നിവർ അന്നയുടെ വീട്ടിലെത്തിയിരുന്നു. 

അതേസമയം, അന്നയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശവും നൽകിയിരുന്നു.

അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ, ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ്‌ നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പുണെയിൽനടന്ന അന്നയുടെ സി.എ. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അച്ഛനും അമ്മയുമൊത്ത് സമയം ചെലവഴിക്കാൻപോലും ജോലിത്തിരക്കു കാരണം അന്നയ്ക്ക് സാധിച്ചില്ല. ചടങ്ങിന് വൈകിയാണ് അന്ന എത്തിയത് - അമ്മ എഴുതിയ കത്തിൽ പറഞ്ഞിരുന്നു.

Content Highlights: Anna Sebastians father is Sibi Joseph criticizes ey company