വിടവാങ്ങിയത് അരങ്ങിലെ രാജകുമാരി; നൊമ്പരമായി ആന്‍ റിഫ്റ്റയുടെ ചവിട്ടുനാടക വീഡിയോ

കൊച്ചി: ചവിട്ടുനാടകക്കളരിയിലെ ആ മാലാഖ എന്നെന്നേക്കുമായി പോയ്മറഞ്ഞെന്നത് നാടിനും കുടുംബത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അച്ഛന്‍ റോയ് ജോര്‍ജുകുട്ടിയുടെ കൈപിടിച്ചാണ് ആന്‍ റിഫ്റ്റ ചവിട്ടുനാടകക്കളരിയിലെത്തുന്നത്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക സമിതിയുടെ ആശാനായിരുന്നു റോയ്. വീട്ടുമുറ്റത്തുവെച്ച് അച്ഛന്‍ പഠിപ്പിച്ചുതന്ന ചവിട്ടുനാടകം പിന്നീട് പല വേദികളില്‍ പല ആളുകള്‍ക്കു മുന്നില്‍വെച്ച് ആന്‍ റിഫ്റ്റ അവതരിപ്പിച്ചു.
റോയ് തന്നെ സംവിധാനം ചെയ്ത വിശുദ്ധ വാലന്റൈന്‍, കാറല്‍സ്മാന്‍, സെന്റ് സെബാസ്റ്റിയന്‍, ജൊവാന്‍ ഓഫ് ആര്‍ക്ക് നാടകങ്ങളില്‍ അഭിനയിച്ചു. മാലാഖയായിട്ടാണ് ആദ്യംതന്നെ അരങ്ങില്‍ വന്നത്. രാജകുമാരിയുടെ വേഷമാണ് ആന്‍ റിഫ്റ്റ പ്രധാനമായും ചെയ്തിരുന്നത്.
ആനിന്റെ അമ്മ സിന്ധു ജോലി തേടി വിസിറ്റിങ് വിസയില്‍ ഇറ്റലിയിലാണ്. പ്രളയത്തില്‍ നശിച്ച പഴയ വീടിനടുത്ത് പുതിയ വീട് വെച്ച് താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നതേയുള്ളൂ. വീട്ടിലെ മുറിയില്‍ ക്രിസ്തുദേവനും മാലാഖമാരുമൊക്കെയുള്ള അള്‍ത്താര പോലെയുള്ള വലിയ പ്രാര്‍ഥനാ ഇടമാണ് റോയ് ഒരുക്കിയിരിക്കുന്നത്. അതേ മുറിയില്‍ തന്നെയാണ് ആനിന് ലഭിച്ച ട്രോഫികളും നിരത്തിവെച്ചിരുന്നത്.
ശനിയാഴ്ച രാത്രി കുസാറ്റ് കാംപസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആന്‍ റിഫ്റ്റ് ഉള്‍പ്പെടെ നാല് പേര്‍ മരിച്ചത്.