അനിൽ ചന്ദ്രൻ വിരമിച്ചു; ആകാശവാണിയിലെ അവസാനത്തെ സ്ഥിരം ന്യൂസ് റീഡറും പടിയിറങ്ങുന്നു

കോഴിക്കോട്: ആകാശവാണിയിലെ അവസാനത്തെ സ്ഥിരം ന്യൂസ് റീഡറും പടിയിറങ്ങുന്നു. ഞായറാഴ്ച വിരമിക്കുന്ന അനിൽ ചന്ദ്രനാണ് ആകാശവാണിയിലെ സ്ഥിരം സർവ്വീസിലുള്ള അവസാനത്തെ വാർത്താവായനക്കാരൻ. ഇനി ആകാശവാണിക്ക് കേരളത്തിൽ കാഷ്വൽ, കോൺട്രാക്ട് വാർത്താവായനക്കാർ മാത്രമേ ഉണ്ടാവൂ. ആകാശവാണിക്ക് വളരെയധികം ശ്രോതാക്കളുണ്ടായിരുന്ന കാലത്ത് ഗോപൻ, രാമചന്ദ്രൻ, രത്‌നാബായ്, പ്രതാപൻ, സുഷമ, ശ്രീകുമാർ, വെണ്മണി വിഷ്ണു തുടങ്ങിയവർക്കെല്ലാം താരമൂല്യം ഏറെയായിരുന്നു. ആ നിരയിലെ അവസാനത്തെയാളാണ് അനിൽ ചന്ദ്രൻ.
നേരത്തേ പലതവണ ആകാശവാണി കോഴിക്കോട് യൂണിറ്റ് പൂട്ടാനുള്ള ശ്രമം നടന്നിരുന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോഴിക്കോടുനിന്ന് ഇപ്പോൾ മൂന്ന് വാർത്താബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. രാവിലെ 6.45-നും പകൽ 12.30-നും രാവിലെ 10.15-നുമാണ് ബുള്ളറ്റിനുകൾ. ഇതിൽ ആദ്യബുള്ളറ്റിൻ സംസ്ഥാനതലത്തിലാണ് പ്രക്ഷേപണം ചെയ്യുന്നത്. വാർത്താധിഷ്ഠിത പരിപാടികളുമുണ്ട്.
പാലാ രാമപുരം സ്വദേശിയായ അനിൽ ചന്ദ്രൻ ഡൽഹി ആകാശവാണി മലയാള വാർത്താ വിഭാഗത്തിൽ 1995 ഒക്ടോബർ 19-ന് ജോലിയിൽ ചേർന്നു. അതിനുമുമ്പ് നാലുവർഷത്തോളം പത്രപ്രവർത്തകനായിരുന്നു. ഡൽഹി ന്യൂസ് സർവീസസ് ഡിവിഷനിൽ രണ്ടു വർഷത്തോളം ജോലി ചെയ്തശേഷം 1997-ൽ കോഴിക്കോട്ട് പ്രാദേശിക വാർത്താ യൂണിറ്റിൽ സ്ഥലം മാറിയെത്തി. ശ്രോതാക്കളുടെ മനംകവരുന്ന ഭാഷാഭംഗിക്ക് ഉടമയായ അനിൽ ചന്ദ്രൻ 1500-ലേറെ എപ്പിസോഡുകൾ പിന്നിട്ട വാർത്താ ദീപ്തിയുടെ സ്‌ക്രിപ്റ്റും അവതരണവും നടത്തിയിരുന്നു.
തൃശൂർ ശ്രീ കേരള വർമ്മ കോളജിൽനിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ശേഷം കാക്കനാട് കേരള പ്രസ് അക്കാദമിയിൽനിന്ന് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മൂന്നാം റാങ്കോടെ പി.ജി. ഡിപ്ലോമ നേടി. കൊച്ചി മാതൃഭൂമിയിൽ മൂന്നുമാസത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ആകാശവാണിയിൽ കവിതാവതരണം നടത്തിയിട്ടുണ്ട്.
വാർത്തയിലെ ഭാഷാ പ്രയോഗത്തിൽ ചെറുതെങ്കിലും ചിലമാറ്റങ്ങൾ കൊണ്ടുവരാനായി എന്ന് അനിൽ പറഞ്ഞു. മാധ്യമ-സംസാര ഭാഷകളിൽ കടന്നുകൂടിയ 'ഉള്ള' പ്രയോഗത്തെ പരമാവധി നിയന്ത്രിച്ചു നിർത്താനായി. അതേപോലെ, ആകാശവാണിയുടെ ചൂണ്ടിക്കാണിക്കലും, പ്രസ്താവിക്കലും, ഊന്നിപ്പറച്ചിലും പ്രഖ്യാപിക്കലും മറ്റും കുറയ്ക്കാൻ കഴിഞ്ഞു. അതേപോലെ പേരിനൊപ്പം ചേർക്കുന്ന ശ്രീ-യും ശ്രീമതിയും ബുള്ളറ്റിനിൽനിന്ന് പാടേ ഒഴിവാക്കാനായി. വാർത്താഭാഷ കാലികമാക്കാനും ക്ലിഷേകൾ ഒഴിവാക്കാനും സാധിച്ചു.
മദർ തെരേസയുടെ മരണം, മുംബെ ഭീകരാക്രമണ കേസ്, പ്രതി അജ്മൽ കസബിന്റെ വധശിക്ഷ, മുണ്ടക്കൈ-ചൂരൽമല ദുരന്തം തുടങ്ങി ഒട്ടേറെ വാർത്തകൾ പ്രാദേശിക വാർത്തയിലൂടെ ശ്രോതാക്കളിൽ എത്തിക്കാൻ കഴിഞ്ഞു. 2004-ലെ സുനാമി സമയത്ത് തീരത്തെ നിലയത്തിലുണ്ടായിരുന്നത് വാർത്താ വിഭാഗം ജീവനക്കാരും എഞ്ചിനീയർമാരും മാത്രമായിരുന്നു. ഭീതിയോടെ അന്ന് ജോലിയിൽ വ്യാപൃതനാവുകയായിരുന്നുവെന്ന് അനിൽ ചന്ദ്രൻ പറഞ്ഞു. ശ്രീകലയാണ് അനിൽ ചന്ദ്രന്റെ ഭാര്യ. അർജുൻ വൈശാഖ് മകനാണ്.
Content Highlights: Anil Chandran marks the retirement of the last permanent news reader at All India Radio., Transition of AIR news operations to casual and contract-based readers., Anil Chandran's contribution to modernizing news language and removing archaic clichés., Highlights of his career including coverage of the Mundakkai-Chooralmala disaster and 2004 Tsunami., Details on his academic background and professional journey since 1995.