ജാസ്‌ലിയയുടെ മരണം; ‘പ്രതികളെ പോലീസ് സംരക്ഷിക്കുന്നു’; പ്രതിഷേധവുമായി സഹപാഠികൾ

#ന്യൂസ് ഡെസ്ക്
ജാസ്‌ലിയ
ജാസ്‌ലിയ

അങ്കമാലി: കാർ അപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സഹപാഠികൾ രംഗത്ത്. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജാസ്‌ലിയയെ കാർ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു.

അതിരമ്പുഴ സ്വദേശിയുടെ വാഹനമാണ് വിദ്യാർഥിനിയെ ഇടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ആരെയും കേസിൽ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. മെഡിക്കൽ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയതിനെ തുടർന്ന് വിദ്യാർഥികളും അധ്യാപകരും താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു.

പഠനത്തോടൊപ്പം സ്‌പോർട്‌സിലും മികവ് പുലർത്തിയ ജാസ്‌ലിയ പാർട്ട്‌ടൈമായി ജോലി നോക്കിയാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വിൽപ്പന ശാലയിലായിരുന്നു ജോലി. ജോലിക്ക് പോയിരുന്നതിനാൽ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പതിവുപോലെ ജോലിക്ക് പോയി മടങ്ങി വരുമ്പോഴാണ് അമിതവേഗത്തിൽ വന്ന കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ചത്. റോഡിലൂടെ നടന്നുപോകവെ പിന്നിൽനിന്ന് വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജാസ്‌ലിയ 50 മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയി.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ജാസ്‌ലിയയെ ആദ്യം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനിയാണ് ജാസ്‌ലിയ.

മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ജാസ്‌ലിയയുടെ കരളും വൃക്കയും നേത്രപടലവും ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. കരൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരളയിലേക്കും കൈമാറി.

Content Highlights: Angamaly Student Jasliya Dies in Hit-and-Run; Classmates Protest Police