ട്യൂഷനെടുത്തും കടംവാങ്ങിയും കിട്ടിയ പണംകൊണ്ട് കേസ് നടത്തി; പരിഹസിച്ചവര്‍ക്ക് മറുപടി, ഈ കോടതിവിധി

#സ്വന്തം ലേഖിക
1. അനീറ കബീർ, 2. പ്രതീകാത്മക ചിത്രം | Photo: Special arrangement, Canva
1. അനീറ കബീർ, 2. പ്രതീകാത്മക ചിത്രം | Photo: Special arrangement, Canva

പാലക്കാട്: ''താത്കാലിക അധ്യാപകനിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷ നല്‍കി കാത്തിരിക്കുമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍പ്പോലും കേള്‍ക്കേണ്ടിവന്നത് പരിഹാസ ചോദ്യങ്ങളായിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരമാണ് കോടതിവിധി. സന്തോഷം'' -ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് പി.എസ്.സി. നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതിവിധിക്കു പിന്നാലെ ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ പ്രതികരിച്ചു. ഒറ്റപ്പാലം സ്വദേശിയായ അനീറയുടെ ആറു വര്‍ഷത്തെ നിയമപോരാട്ടമാണ് കോടതിവിധിയിലേക്ക് നയിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയില്‍ ബിരുദവും ബി.എഡ്, എം.എഡ്. യോഗ്യതകളും നേടിയാണ് അനീറ അധ്യാപകജോലിക്ക് ശ്രമിച്ചത്.

ട്യൂഷനെടുത്ത് സ്വരുക്കൂട്ടിയ 1200 രൂപയും സുഹൃത്ത് അയച്ചുകൊടുത്ത 1500 രൂപയും കൊണ്ടായിരുന്നു 2019-ല്‍ കേസ് നടത്തിപ്പിന് തുടക്കം. തുടക്കത്തില്‍ അഡ്വ. കാളീശ്വരം രാജ്, തുളസി കെ. രാജ് എന്നിവരായിരുന്നു അഭിഭാഷകര്‍. പിന്നീട് അഡ്വ. പത്മാലക്ഷ്മി കേസ് ഏറ്റെടുത്തു. ഒരു ഘട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ പിരിച്ചുനല്‍കിയ 53,000 രൂപയും അകമഴിഞ്ഞ പിന്തുണയും കരുത്തായി. 

ആദ്യമായല്ല, അനീറ കബീര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കോവിഡ് കാലത്ത് ജീവിതമാര്‍ഗം നഷ്ടപ്പെട്ട് കഴിയുന്ന നേരത്ത് റേഷന്‍ കാര്‍ഡുണ്ടാക്കാനൊരു ശ്രമം നടത്തി. 'ഒരു വീട്ടുപേരെങ്കിലുമുണ്ടോ' എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പരിഹാസ ചോദ്യമെന്ന് അനീറ ഓര്‍ക്കുന്നു. ഹൈക്കോടതിയില്‍ കേസ് കൊടുത്തു. 2020-ല്‍ സ്വന്തമായി റേഷന്‍ കാര്‍ഡുണ്ടാക്കി.

കടലാസുകളില്‍ മാത്രം ഒതുങ്ങുന്ന സംവരണവും ആനുകൂല്യങ്ങളും തുടര്‍ക്കഥയായപ്പോഴാണ് അനീറ ദയാവധത്തെക്കുറിച്ച് ചിന്തിച്ചത്. ഇതു സംബന്ധിച്ച് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു കത്തെഴുതി. ജീവിക്കാനുള്ള ഒരു ട്രാന്‍സ് വുമണിന്റെ പോരാട്ടം അന്നുമുതല്‍ ലോകമറിഞ്ഞു.

2022-ല്‍ സര്‍ക്കാര്‍ ഇടപെട്ട് 'സമഗ്രശിക്ഷ കേരള'യില്‍ താത്കാലിക ജോലി നല്‍കി. ഇന്നുവരെ അതാണ് ജീവിതമാര്‍ഗം. താത്കാലികജോലി നേടായാനെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് ജോലി നിഷേധിക്കപ്പെടുന്നതിനെതിരേ സമരം ചെയ്യാന്‍ അനീറ തീരുമാനിച്ചു, പോരാട്ടം തുടര്‍ന്നു. ഒടുവിലാണ് കോടതിയുടെ അനുകൂലവിധി.

സംവരണം ആറുമാസത്തിനകം നടപ്പാക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ഇത് സര്‍ക്കാര്‍ നടപ്പാക്കുമ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പൂര്‍ണവിജയമെന്ന് അനീറ പറയുന്നു.

Content Highlights: Aneera Kabeer transgender reservation