ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി; ട്രെയിനിൽ നിന്ന് വീണ ആന്ധ്ര സ്വദേശിക്ക് ജീവിതം തിരികെ നൽകി RPF

#വർഗീസ് സി.ജോർജ്
1. ആർ.പി.എഫിലെ എ.എസ്.ഐ. സന്തോഷ് കുമാറും (മുകളിൽ) കോൺസ്റ്റബിൾ സുനിൽകുമാറും (താഴെ), 2. തീവണ്ടിയിൽനിന്ന് തെറിച്ചുവീണ ലക്ഷ്മണനെ, ഉദ്യോഗസ്ഥർ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയപ്പോൾ
1. ആർ.പി.എഫിലെ എ.എസ്.ഐ. സന്തോഷ് കുമാറും (മുകളിൽ) കോൺസ്റ്റബിൾ സുനിൽകുമാറും (താഴെ), 2. തീവണ്ടിയിൽനിന്ന് തെറിച്ചുവീണ ലക്ഷ്മണനെ, ഉദ്യോഗസ്ഥർ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയപ്പോൾ

കോട്ടയം: തിങ്കളാഴ്ച രാത്രി 11.15 മണിയോടയാണ് യാത്രക്കാരൻ തീവണ്ടിയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണെന്ന വിവരം കോട്ടയം ആർ.പി.എഫ്. ഓഫീസിൽ ലഭിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ എ.എസ്.ഐ. സന്തോഷ് കുമാറും കോൺസ്റ്റബിൾ സുനിൽകുമാറും ബൈക്കിൽ സംഭവസ്ഥലത്തേക്ക് കുതിച്ചു. തെറിച്ചുവീണയാളുടെ മൊബൈൽ നമ്പരും ആർ.പി.എഫിൽ ലഭിച്ചതിനാൽ സൈബർ പോലീസിന്റെ സഹായത്തോടെ ടവർ ലൊക്കേഷനെടുത്തു. ഫോൺ കുമാരനല്ലൂർ കൊച്ചടിച്ചിറ ഗേറ്റിന് സമീപത്തുള്ളതായി കണ്ടെത്തി.

മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രണ്ടുപേരും റെയിൽവേ ട്രാക്കിലൂടെ നടന്ന് പരിശോധിച്ചു. ഇവരുടെ ബൂട്ടിന്റെ ശബ്ദംകേട്ട്, ട്രാക്കിനോട് ചേർന്ന് കിടന്നിരുന്ന യുവാവ് ഒരുകൈ സഹായത്തിനായി ഉയർത്തി. അരണ്ടവെളിച്ചത്തിൽ ഉദ്യോഗസ്ഥർ ഇത് കണ്ടു. തലയിൽനിന്ന് രക്തംവാർന്ന് അവശനായിരുന്നു യുവാവ്. രണ്ട് ട്രാക്കുകളുടെ ഇടയിലായാണ് ഇദ്ദേഹം കിടന്നിരുന്നത്. ഇരുവരും ചേർന്ന് ഇദ്ദേഹത്തെ എടുത്ത് റെയിൽവേ ട്രാക്കിലൂടെ 150 മീറ്ററിലേറെ നടന്ന് കൊച്ചടിച്ചിറ ഗേറ്റിലെത്തിച്ചു.

അപ്പോഴേക്കും ഗാന്ധിനഗർ പോലീസും അവിടെ എത്തിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തലയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. യുവാവ് അപകടനില തരണംചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചതായി കോട്ടയം ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.എസ്. സന്തോഷ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ആർ.പി.എഫ്. പറയുന്നത്

ആന്ധ്രാസ്വദേശി ലക്ഷ്മണ (27) നാണ് മരണത്തെ മുഖാമുഖം കണ്ടത്. തിങ്കളാഴ്ച അഞ്ച് സുഹൃത്തുക്കളോടൊപ്പം ശബരിമലദർശനം കഴിഞ്ഞ് വിവേക് എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങാനായി രാത്രിയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇദ്ദേഹം. ലക്ഷ്മണനുൾപ്പെടെ നാലുപേർ തീവണ്ടിയിൽ കയറി. തിരക്ക് കൂടുതലായതിനാൽ ഒരാൾ അടുത്ത തീവണ്ടികാത്ത് പ്ലാറ്റ്ഫോമിലിരുന്നു.

തിരക്കുകാരണം ഫുട്‌ബോർഡിനരികെനിന്നാണ് ലക്ഷ്മണൻ യാത്ര ചെയ്തത്. തീവണ്ടി കുമാരനല്ലൂർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ ലക്ഷ്മണൻ പുറത്തേയ്ക്ക് തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്നവർ, തീവണ്ടിയിൽ കയറാതിരുന്നയാളെ വിവരം അറിയിച്ചു. ഇദ്ദേഹമാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥരോട് പറഞ്ഞത്. സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിക്കാനായതിന്റെ ചരിതാർത്ഥ്യത്തിലാണ് എ.എസ്.ഐ. സന്തോഷ് കുമാറും സുനിൽകുമാറും. ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ.

Content Highlights: Andhra Pradesh native man falls off from train, rescued by RPF using tower location