കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത; ആനക്കര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്, സി.പി.എമ്മിലെ എം.വി. ജംസീന പ്രസിഡന്റ്

#സ്വന്തം ലേഖകൻ
എം.വി. ജംസീന
എം.വി. ജംസീന

പാലക്കാട്: ആനക്കര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്. പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജംസീനയുടെ വിജയം. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഏഴ് അംഗങ്ങളും കോൺഗ്രസിലെ ആറ് അംഗങ്ങളും പങ്കെടുത്തു. മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ബി.ജെ.പി. അംഗം തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തെങ്കിലും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് വോട്ട് രേഖപ്പെടുത്തിയില്ല.

സി.പി.എം. സ്ഥാനാർഥിക്ക് ഏഴും കോൺഗ്രസ് സ്ഥാനാർഥിക്ക് ആറും വോട്ടുകൾ ലഭിച്ചു. ഇതോടെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജംസീന തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ്, ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. അന്ന് സി.പി.എം., ബി.ജെ.പി. അംഗങ്ങൾ മാത്രമാണ് യോഗഹാളിലെത്തിയത്. കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കാര്യാലയത്തിലെത്തിയെങ്കിലും തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തതോടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.

മുൻ പ്രസിഡന്റ് പി.എൻ. അംബികയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. സി.പി.എം. അംഗങ്ങൾക്കൊപ്പം മുസ്‌ലിം ലീഗ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്. എന്നാൽ, പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത രൂക്ഷമായി.

മുൻ പ്രസിഡന്റിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്ന കോൺഗ്രസ് നിലപാടിനോട് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ വികസന ഫണ്ട് വിതരണത്തെച്ചൊല്ലിയും ഭരണസമിതിയിൽ തർക്കമുണ്ടായി. മുൻ പ്രസിഡന്റിന്റെ വാർഡിന് കൂടുതൽ തുക അനുവദിച്ചെന്ന ആരോപണത്തെ തുടർന്ന് നേരത്തെയുള്ള ഫണ്ട് വിതരണ തീരുമാനം മരവിപ്പിക്കുകയും എല്ലാ വാർഡുകൾക്കും തുല്യമായി തുക അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

അവിശ്വാസപ്രമേയം, മുന്നണികൾക്കിടയിലെ ഭിന്നത, ഫണ്ട് വിതരണത്തിലെ തർക്കം, പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്ന സാഹചര്യം എന്നിവയിലൂടെ കടന്നുപോയ പഞ്ചായത്തിൽ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണപ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നതാണ് ഇനി ശ്രദ്ധേയം.

Content Highlights: CPM member M.V. Jameena was elected as the new president of Anakkara Grama Panchayat by a single vote, securing power for the LDF after a closely contested election.