കാന്തപുരം ഭരണഘടനയെ അംഗീകരിക്കണം, ഇന്ത്യയിൽ നടത്താൻപറ്റുന്ന പ്രസ്താവനയല്ല നടത്തിയത്- എ.എൻ. ഷംസീർ

#ന്യൂസ് ഡെസ്ക്
എ.എന്‍.ഷംസീര്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍
എ.എന്‍.ഷംസീര്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍

കണ്ണൂർ: സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ രംഗത്ത്.

ഇന്ത്യയിൽ നടത്താൻപറ്റുന്ന പ്രസ്താവനയല്ല കാന്തപുരം നടത്തിയതെന്ന് ഷംസീർ പറഞ്ഞു. 'കാന്തപുരത്തിന്റെ പ്രസ്താവനയെ ഞങ്ങളാരും പിന്തുണയ്ക്കുന്നില്ല. അദ്ദേഹം ലോകം അറിയപ്പെടുന്ന പണ്ഡിതനാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അദ്ദേഹം നടത്തിയ പ്രസ്താവന ഇന്ത്യയിൽ ഇന്ന് നടത്താൻ പറ്റിയ പ്രസ്താവനയല്ല', ഷംസീർ പറഞ്ഞു.

ഇന്നത്തെ ലോകപശ്ചാത്തലത്തിൽ നടത്തേണ്ടിയിരുന്ന പ്രസ്താവനയായിരുന്നില്ല അദ്ദേഹം നടത്തിയത്. സ്ത്രീകൾ മുഖ്യധാരയിൽ ഇറങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. ആണും പെണ്ണും തുല്യരാണ്. അത് ഇസ്ലാം അംഗീകരിക്കുന്നതുമാണ്. എന്നാൽ, കാന്തപുരത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ന്യായീകരിക്കാനാകുന്നതല്ല. ഏത് വിശ്വാസിയും ആ രാജ്യത്തെ നിയമവ്യവസ്ഥ പാലിക്കാൻ തയ്യാറാകണമെന്നാണ് ഇസ്ലാമും പ്രവാചകനും പറഞ്ഞിരിക്കുന്നത്. ഇവിടുത്തെ ഭരണഘടന അംഗീകരിക്കാൻ ഗ്രാൻഡ് മുഫ്തി കാന്തപുരവും തയ്യാറാകണമെന്നും ഷംസീർ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാകണമെന്ന് മാത്രമേ തങ്ങൾ പറയുന്നുള്ളൂവെന്നും ഷംസീർ കൂട്ടിച്ചേർത്തു. ആര് ഇത്തരത്തിൽ പ്രസ്താവന നടത്തിയാലും സിപിഎം ഇതിനെതിരെ രംഗത്തുവരുമെന്നും ഷംസീർ അറിയിച്ചു.

അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയിൽ സിപിഎം നേതാക്കൾക്കിടയിലും ഭിന്നതയുണ്ട്. കെ.ടി.ജലീൽ, ടി.കെ.ഹംസ തുടങ്ങിയ നേതാക്കൾ കാന്തപുരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, എം.എ.ബേബിയടക്കമുള്ള നേതാക്കൾ വിമർശനം ഉന്നയിക്കുകയുണ്ടായി.

Content Highlights: Shamseer criticizes Kanthapuram Aboobacker Musliyar's recent statement regarding women., Shamseer states that the remarks are unacceptable in modern India and against the Constitution., CPM leaders show division over the issue, with leaders like KT Jaleel supporting and MA Baby criticizing.