‘സ്‌പെയിൻ ജയിച്ചാൽ നാട്ടുകാർക്ക് എന്റെവക മന്തി’; ഷജീർ വാക്കുപാലിച്ചു, വിതരണം ഇന്ന്

ഷജീർ സുഹൃത്തുക്കൾക്കൊപ്പം പച്ചക്കറിക്കടയിൽ
ഷജീർ സുഹൃത്തുക്കൾക്കൊപ്പം പച്ചക്കറിക്കടയിൽ

അമ്പലവയൽ: ഇഷ്ടടീമായ സ്‌പെയിൻ ജയിച്ചാൽ നാട്ടുകാർക്ക് എന്റെവക മന്തി..... അമ്പലവയൽ ടൗണിലെ പച്ചക്കറിവ്യാപാരി ഷജീറിന്റെ പ്രഖ്യാപനം നാട്ടിലാകെ പാട്ടായി. അർജന്റീന-സ്‌പെയിൻ കലാശപ്പോരിനു മുൻപ് കേരളംമുഴുവൻ ചർച്ചയായത് വ്യത്യസ്തനായ കാൽപ്പന്താരാധകന്റെ ഈ വാക്കുകളായിരുന്നു. ഏതാവശ്യത്തിന് അമ്പലവയലുകാരെ വിളിക്കുന്ന എല്ലാവരും ചോദിക്കുന്ന ഒരേചോദ്യം-എപ്പോഴാ മന്തി കിട്ടുക?.

ഷജീർ ആശിച്ചതുപോലെ സ്‌പെയിൻ ജയിച്ചു. തിങ്കളാഴ്ച രാവിലെ സ്‌പെയിനിന്റെ വെള്ളനിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് ഷജീർ കടയിലെത്തിയത്. പച്ചക്കറിക്കടയിലെ തിരക്കിനിടയിലും മന്തിവിതരണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച രാവിലെ പത്തുമുതൽ മന്തിവിതരണമുണ്ടാകുമെന്ന് ഷജീർ പറഞ്ഞു. ആയിരംപേർക്ക് നൽകാനുള്ള മന്തി തയ്യാറാക്കും. പറഞ്ഞുപെട്ടുപോയതൊന്നുമല്ല. ഓർമ്മവെച്ചപ്പോൾ മുതൽ ആരാധിക്കുന്ന ടീം കപ്പടിക്കുന്നതിനെക്കാൾ വലിയ സന്തോഷമില്ല. തിങ്കളാഴ്ച വിതരണംചെയ്യാനായിരുന്നു പ്ലാൻ. ചില കാരണങ്ങളാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി അദ്ദേഹം പറഞ്ഞു. അതിനിടെ, മന്തി കൊടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അത് എ.ഐ. വീഡിയോയാണെന്നും ഷജീർതന്നെ പറയുന്ന വീഡിയോ തിങ്കളാഴ്ച പുറത്തുവന്നു. ഇതോടെ വീണ്ടും കൺഫ്യൂഷനായി. പിന്നീട് മന്തിവിതരണത്തിൽ വ്യക്തത വരുത്തി ഷജീർ നിലപാടറിയിച്ചു.

ലോകകപ്പ് തുടങ്ങുന്നതിന് രണ്ടുദിവസംമുൻപാണ് ഷജീർ വൈറൽ പ്രഖ്യാപനം നടത്തിയത്. സുഹൃത്ത് വീഡിയോയെടുത്ത് സാമൂഹികമാധ്യമങ്ങളിലിട്ടു. സംഭവം മലയാളികൾക്കിടയിൽ വലിയ വാർത്തയായി. മത്സരശേഷം ഷജീർ വാക്കുമാറ്റുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ, പറഞ്ഞതിൽനിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടെടുത്തു അദ്ദേഹം.

കടുത്ത ഫുട്‌ബോൾപ്രേമിയായ ഷജീർ പ്രാദേശിക ടൂർണമെന്റുകൾക്കുൾപ്പെടെ കൈയയച്ച് സഹായംനൽകാറുണ്ട്.

Content Highlights: Local trader Shajeer fulfilled his viral social media promise to host a Mandi feast., The feast was announced following his favorite team, Spain, winning the championship., Despite initial confusion over an AI-generated video, Shajeer confirmed the distribution., Shajeer is well-known in the region for his passion for football and community support.