മന്തിക്കഥയ്ക്ക് സൂപ്പർ ക്ലൈമാക്സ്; സ്പെയിൻ ജയിച്ചു, നാട്ടുകാർക്ക് വയറുനിറയെ വിളമ്പി ഷജീർ

അമ്പലവയൽ: ലോകകപ്പ് ഫൈനൽ ദിനത്തിൽ മലയാളക്കരയാകെ ചർച്ചയായ മന്തിക്കഥയ്ക്ക് സൂപ്പർ ക്ലൈമാക്സ്. മന്തി കിട്ടുമോ ഇല്ലയോ എന്ന് സംശയിച്ചിരുന്നവർക്കെല്ലാം വയറുനിറയെ വിളമ്പി. സ്പെയിൻ ലോകകപ്പ് നേടിയാൽ അമ്പലവയലുകാർക്ക് തന്റെവക മന്തിയെന്നു പ്രഖ്യാപിച്ച പച്ചക്കറിവ്യാപാരി ഷജീർ വാക്കുപാലിച്ചു. സ്പെയിനിന്റെ കിരീടനേട്ടത്തിന്റെ സന്തോഷത്തിൽ അമ്പലവയലുകാർക്ക് ചിക്കൻമന്തി വിതരണംചെയ്തു. ചൊവ്വാഴ്ച രാവിലെ 10 മണിക്കാരംഭിച്ച സൽക്കാരത്തിൽ ആയിരത്തിയഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.
ലോകകപ്പ് ആരംഭിക്കുന്നതിന്റെ രണ്ടുദിവസംമുൻപാണ് സ്പെയിൻ ആരാധകനായ ഷജീർ തന്റെ പച്ചക്കറിക്കടയിലിരുന്ന് ഒരു വാഗ്ദാനം നൽകിയത് : ''സ്പെയിൻ കപ്പടിച്ചാൽ എല്ലാവർക്കും എന്റെവക മന്തി...''
സുഹൃത്ത് അതിന്റെ വീഡിയോയെടുത്ത് സോഷ്യൽമീഡിയിലിട്ടു. അത്ര കാര്യമായി ആളുകൾ കാണാത്ത വീഡിയോ ഫൈനലിന്റെ തലേന്ന് വീണ്ടും പൊന്തിവന്നു. പിന്നെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു. വലിയ വാർത്തയായതോടെ ഷജീർ താരമായി. പറഞ്ഞുകുടുങ്ങിയതാണെന്ന് ചിലർ. വേണ്ടാത്ത പണിയായിപ്പോയെന്ന് മറ്റുചിലർ. പക്ഷേ, ഷജീർ വാഗ്ദാനത്തിൽ ഉറച്ചുനിന്നു.
സ്പെയിൻ ജയിച്ചതോടെ മന്തിവിതരണം എപ്പോഴെന്ന ചോദ്യമായിരുന്നു എല്ലായിടത്തും. അങ്ങനെ ആയിരംപേർക്കുള്ള മന്തി ഓർഡർചെയ്ത് വിതരണത്തിന് തയ്യാറായി. ചൊവ്വാഴ്ച രാവിലെ സെയ്ന്റ് മാർട്ടിൻ പള്ളിഹാളിൽ തയ്യാറാക്കിയ സൽക്കാരത്തിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു. ടൗണിലെ വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ മന്തി കഴിക്കാനെത്തി.
ഒറ്റയ്ക്കാണ് വാക്കുനൽകിയതെങ്കിലും സൽക്കാരത്തിന്റെ വിജയത്തിനായി നാട്ടുകാരെല്ലാം ഷജീറിനൊപ്പംനിന്നു. ടൗൺ ടീം വാട്സാപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും സഹായിച്ചു. ഒരുലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് നാട്ടുകാർക്ക് മന്തി നൽകിയത്. പറഞ്ഞ വാക്കിൽനിന്ന് ഒരിഞ്ച് പിന്നോട്ടുപോകാത്ത ഷജീറിനെ പൊന്നാടയണിയിച്ചശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
Content Highlights: Local trader Shajeer fulfilled a viral social media promise to provide free Chicken Mandi., The feast was organized following Spain's World Cup championship win., Over 1,500 people from various professional backgrounds attended the event., The initiative cost over one lakh rupees and was supported by local community groups.