പോരാടിയിട്ടും ഫലമില്ല; രത്നകുമാറിന്റെ വീടിനും കടലിനുമിടയിൽ ഏതാനും ചുവടുകളുടെ അകലം മാത്രം

അമ്പലപ്പുഴ: കാക്കാഴം കുറ്റിമൂട്ടിൽ രത്നകുമാറിന്റെ വീടിനും കടലിനുമിടയിൽ ഇനിയുള്ളത് ഏതാനും ചുവടുകളുടെ അകലം. അലയടിച്ചെത്തുന്ന തിരമാലകൾ പലവട്ടം വീട്ടിൽ കയറിയിറങ്ങി. മുറികളിലെല്ലാം മണ്ണും ചെളിയും നിറഞ്ഞു. കടലേറ്റം ഇതേനിലയിൽ തുടർന്നാൽ രത്നകുമാറിന്റെ വീടും തകരും. മത്സ്യത്തൊഴിലാളിയാണ് 60 പിന്നിടുന്ന രത്നകുമാർ. പണ്ട് വലിയ വള്ളം സ്വന്തമായുണ്ടായിരുന്നു. ഇപ്പോൾ ചെറിയ ഒരു വള്ളമുണ്ട്. 80 സെന്റ് സ്ഥലത്ത് 1,000 ചതുരശ്രയടിയുള്ള വീട് കടലിനോടു മല്ലിട്ടാണ് സമ്പാദിച്ചത്. കടൽകയറി സ്ഥലം 30 സെന്റിൽ താഴെയായി.
തീരത്ത് സംരക്ഷണഭിത്തിക്കായി രത്നകുമാർ ഒറ്റയ്ക്കു പോരാട്ടം തുടങ്ങിയിട്ട് കാലമേറെയായി. ഇതിന്റെ ഫലമായി 2010-ൽ 555 മീറ്റർ കടൽഭിത്തി കെട്ടി. ഇതിന് രണ്ടുകൊല്ലത്തെ ആയുസ്സു മാത്രമാണുണ്ടായത്. തുടർന്ന്, ജില്ല ഭരണകൂടത്തിനും ജനപ്രതിനിധികൾക്കുമെല്ലാം പലവട്ടം രത്നകുമാർ അപേക്ഷ നൽകി. പരിഹാരമില്ലാതെ വന്നപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. രത്നകുമാറിന്റെ വീടിനു ഭീഷണിയില്ലെന്നാണ് അന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. നിജസ്ഥിതി മനസ്സിലാക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിയെ നേരിട്ടയച്ചതായി രത്നകുമാർ പറയുന്നു. തുടർന്ന്, അനുകൂലവിധിയുമുണ്ടായി.
കാക്കാഴം തീരത്ത് പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കാൻ 48 കോടിയുടെ പദ്ധതിക്ക് 2022-ൽ അന്നത്തെ മന്ത്രി കല്ലിട്ടു. നിർമാണം തുടങ്ങാതെവന്നതോടെ രത്നകുമാർ വീണ്ടും പരാതികളെഴുതി. 19 പുലിമുട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 2025-ൽ ജോലികൾ തുടങ്ങി. ഇതിൽ ആറെണ്ണത്തിന്റെ നിർമാണം തുടങ്ങി. ഇദ്ദേഹത്തിന്റെ വീടിന്റെ 250 മീറ്റർ അകലെവരെ പുലിമുട്ടുകെട്ടി. സമയബദ്ധമായി ഇത് പൂർത്തീകരിച്ചിരുന്നെങ്കിൽ തന്റെ വീടടക്കം 1,300 മീറ്ററിലെ മുഴുവൻ വീടുകളും സംരക്ഷിക്കാനാകുമായിരുന്നെന്ന് അദ്ദേഹം പറയുന്നു
Content Highlights: Ratnakumar's ongoing struggle against severe coastal erosion in Kakkazham., History of failed sea wall attempts since 2010., Status of the 48 crore coastal protection project as of 2026., Legal intervention and court-ordered inspection of the site., Impact of incomplete seawall construction on 1,300 local homes.