ആലുവ കൊലപാതകം: അന്വേഷണവുമായി സഹകരിക്കാതെ പ്രതി, പത്തുദിവസം കസ്റ്റഡിയില്‍ വിട്ടു

#സ്വന്തം ലേഖകന്‍
പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു
പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിനെ പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി അനുവദിക്കുകയായിരുന്നു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പത്തു ദിവസം കസ്റ്റഡിയില്‍ വിടണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അസ്ഫാക്ക് കേരളത്തില്‍ എത്തിയത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ഇയാള്‍ക്കെതിരേ ഡല്‍ഹിയില്‍ പോക്‌സോ കേസുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018ല്‍ ഗാസിപൂരില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസില്‍ ഒരു മാസം ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

വിരലടയാളം വെച്ച് നടത്തിയ പരിശോധനയിലാണ് ഈ കേസിലും അസ്ഫാക്ക് പ്രതിയാണെന്ന് മനസ്സിലായത്. മറ്റിടങ്ങളിലും സമാനമായ കേസുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സ്വദേശമായ ബിഹാറില്‍ ഉള്‍പ്പെടെ അന്വേഷണസംഘം നേരിട്ട് പോകുമെന്ന് റൂറല്‍ എസ്.പി. അറിയിച്ചു.

അസ്ഫാക്കിനെ ഇന്ന് രാവിലെ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുമായി പോകുന്നതുകണ്ട ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി, ബസ് കണ്ടക്ടര്‍, യാത്രക്കാരി എന്നിവരാണ് ജയിലില്‍ പ്രതിയെ തിരിച്ചറിഞ്ഞത്.

Content Highlights: aluva murder case, accused remanded for ten days