ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച തുറക്കും

#ന്യൂസ് ഡെസ്ക്

ആലുവ: അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ആലുവ മാർത്താണ്ഡവർമ്മ പഴയപാലം വ്യാഴാഴ്ച തുറക്കും. രാവിലെ ആറുമണി മുതൽ പാലം ഗതാഗതത്തിന് സജ്ജമാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ. അറിയിച്ചു. 10 ദിവസത്തെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് പാലം അടച്ചിരുന്നത്. ഇതോടൊപ്പം ദേശം പാലവും അടച്ചിരുന്നു. പണികൾ രണ്ടുദിവസം നേരത്തെ പൂർത്തിയായതിനെ തുടർന്നാണ് മാർത്താണ്ഡവർമ്മ പാലം തുറക്കുവാൻ തീരുമാനിച്ചത്.

എ വൺ, പി വൺ, പി ടു, എ ടു, എന്നീ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും എക്സ്പാൻഷൻ ജോയിൻ്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിംങ് പൂർത്തിയാക്കി. അതിവേഗതയിൽ സെറ്റാവുന്ന മൈക്രോ കോൺക്രീറ്റിങ് ആണ് ചെയ്തത്. എക്സ്പാൻഷൻ ജോയിൻ്റുകൾക്കിടയിൽ റബ്ബർ ബുഷ് ഘടിപ്പിക്കലും പൂർത്തിയായി. പാലത്തിന്‍റെ ഷോക്ക് അബ്സറുകളിൽ ക്രീസിങ് ജോലികളും പൂർത്തിയാക്കി. ദേശം പാലത്തിന്‍റെ ജോലികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

പാലം അടച്ചതോടെ ആലുവ ദേശീയപാതയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആദ്യത്തെ ദിവസത്തെ കുരുക്കിന് ശേഷം ആലുവ നഗരം വഴിയുള്ള യാത്ര ആളുകൾ ഉപേക്ഷിച്ചു. ഇതോടെ ആലുവ നഗരം പല സമയങ്ങളിലും വിജനമായിരുന്നു.