ആലുവയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്

#ന്യൂസ് ഡെസ്ക്

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് നടപടി. ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് നൽകിയ പ്രതിരോധ കുത്തിവെപ്പിനെത്തുടർന്നുണ്ടായ പനി കുറയ്ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ ലിക്വിഡിന്റെ അളവ് കൂടിയതാണ് പ്രശ്‌നമായത്. ഫില്ലറിൽ മരുന്ന് നൽകിയപ്പോൾ സംഭവിച്ച പിഴവാണിതെന്ന് പരാതിയിൽ പറയുന്നു.

അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്നതിനെത്തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി. ഇതേത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസത്തോളം അവിടെ ചികിത്സ തേടേണ്ടി വരികയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി എണ്ണായിരത്തോളം രൂപ ചെലവായതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത 125 (എ) വകുപ്പ് പ്രകാരമാണ് ആലുവ വെസ്റ്റ് പോലീസ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Content Highlights: Case registered against Dr. Hubna Rubshi at Aluva District Hospital., Incident involved a 6-month-old infant receiving an overdose of paracetamol., Infant required 5 days of private hospitalization due to health complications., Charges filed under Bharatiya Nyaya Sanhita (BNS) section 125(a)., Police investigation is currently ongoing regarding the medical error.