കാണികള്‍ ആവശ്യപ്പെട്ട ഗാനം പാടി, DYFI കൊടി സമൂഹത്തില്‍നിന്ന് മാറ്റണമെന്ന അഭിപ്രായമില്ല-ഗായകന്‍ അലോഷി

അലോഷി ആദം
അലോഷി ആദം

കൊല്ലം: കടയ്ക്കല്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് സി.പി.എമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലഗാനങ്ങളും പാടിയ സംഭവത്തില്‍ വിശദീകരണവുമായി ഗസല്‍ ഗായകന്‍ അലോഷി ആദം. കാണികള്‍ ആവശ്യപ്പെട്ട പാട്ടാണ് പാടിയതെന്നും വിവാദമായതില്‍ ദുഃഖമുണ്ടെന്നും അലോഷി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

'തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള പരിപാടിയാണെന്ന് പോലും ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇത്തരം വിവാദം ഉണ്ടായതില്‍ വളരെ വിഷമമുണ്ട്. അന്ന് ആയിരത്തോളം ആളുകള്‍ കൂടെ പാടി ആസ്വദിച്ച പരിപാടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആളുകള്‍ ആവശ്യപ്പെട്ട പാട്ടുകള്‍ പാടുന്നതാണ് പതിവ്. അതില്‍ ചില സമയത്ത് വിപ്ലവഗാനങ്ങള്‍ കടന്നുവരാറുണ്ട്. അവര്‍ക്ക് ആ പാട്ടുകള്‍ ആവശ്യമുണ്ടെങ്കില്‍ അത് പാടാം എന്നാണ് എന്റെ അഭിപ്രായം. ജനങ്ങളെ തൃപ്തിപ്പെടുത്താനായിട്ടാണ് ഞാന്‍ പരിപാടി അവതരിപ്പിക്കുന്നത്. അതാണ് എന്റെ ഉത്തരവാദിത്വം. അന്ന് അത് മാത്രമാണ് അവിടെ സംഭവിച്ചത്'- അലോഷി പറഞ്ഞു.

ഡി.വൈ.എഫ്‌.ഐ. ചിഹ്നങ്ങള്‍ കാണിച്ചതും ബോധപൂര്‍വ്വമല്ലെന്ന് അലോഷി പറഞ്ഞു.'ഡി.വൈ.എഫ്‌.ഐയുടെ കൊടി സമൂഹത്തില്‍നിന്ന് മാറ്റേണ്ടതാണെന്ന അഭിപ്രായം എനിക്കില്ല. ബാക്ക് ഗ്രൗണ്ടില്‍ വന്ന വിഷ്വല്‍സ് ഞാനുമായി ബന്ധമില്ലാത്ത ടെക്‌നീഷനാണ് ചെയ്തത്. അദ്ദേഹത്തിന്റെ മനസിന് ഉചിതമായി തോന്നിയത് അപ്പോള്‍ ഇട്ടുവെന്ന് മാത്രം. ചിത്രങ്ങളെ കുറിച്ചും ബാക്കി കാര്യങ്ങളെ കുറിച്ചും ചിന്തിക്കുന്നത് തന്നെ വിവാദങ്ങള്‍ ഉടലെടുത്തപ്പോഴാണ്'.- അലോഷി പറഞ്ഞു.

സ്വാശ്രയകോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാം ദിവസമായ തിങ്കളാഴ്ച വൈകീട്ടായിരുന്നു അലോഷിയുടെ പരിപാടി.സംഭവത്തില്‍ പരോക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് അവിടെപ്പോയി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. അമ്പലത്തിലെ പരിപാടിയില്‍ എന്തിനാണ് പുഷ്പനെ അറിയാമോ പാടുന്നത്? ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.  കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരളസദസ്സിന്റെ വേദിയുമായി ബന്ധപ്പെട്ട് ക്ഷേത്രം നേരത്തെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ചടയമംഗലം നിയോജകമണ്ഡലത്തിലെ സദസ്സിന്റെ വേദിയായി കടയ്ക്കല്‍ ദേവീക്ഷേത്ര മൈതാനമായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വേദി മാറ്റിയത്.കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ ചക്കുവള്ളി ക്ഷേത്രമൈതാന വേദി ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് മാറ്റമുണ്ടായത്. കടയ്ക്കലില്‍ ക്ഷേത്രമൈതാനം വിട്ടുകൊടുത്ത ദേവസ്വം ബോര്‍ഡ് തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മണ്ണൂര്‍ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Content Highlights: Ghazal Singer`s Explanation on Controversial Songs at Kadaykkal Thiruvathira