'ഒരു മകൻ പോയി, ഒരാളെയെങ്കിലും തിരികെകിട്ടാൻ പ്രാർഥനയായിരുന്നു'; പാമ്പുകടിയേറ്റ അനോഷ് ആശുപത്രി വിട്ടു

#മാതൃഭൂമി ന്യൂസ്
ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുന്ന അനോഷിനെ സ്വീകരിക്കുന്നു | PHOTO: Mathrubhumi  news/ screengrab
ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുന്ന അനോഷിനെ സ്വീകരിക്കുന്നു | PHOTO: Mathrubhumi news/ screengrab

അങ്കമാലി: തൃശ്ശൂർ കോടാലിയിൽ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രി വിട്ടു. അനോഷിനും പാമ്പു കടിയേറ്റിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അനോഷ് പൂർണ ആരോഗ്യവാനായാണ് ആശുപത്രി വിടുന്നതെന്ന് പിതാവ് സിൽജോ അറിയിച്ചു.

തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷ് പ്രതികരിച്ചു. ആശുപത്രിയിൽനിന്ന് തനിക്ക് സമ്മാനമായി ഒരു ഫുട്ബോൾ ലഭിച്ചുവെന്നും ഏറെ സന്തോഷമുണ്ടെന്നും അനോഷ് മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ ശൈലേഷിനോടും മറ്റ് സുഹൃത്തുക്കളോടും പിതാവ് സിൽജോ നന്ദി അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കരുതലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് കുടുംബം പറഞ്ഞു. സ്വന്തം മക്കളെപ്പോലെയാണ് അവർ അനോഷിനെ പരിചരിച്ചത്. ആശുപത്രിയിലെ സിസ്റ്റർമാർ അനോഷിന് വീട്ടിൽനിന്ന് പാൽ കൊണ്ടുകൊടുക്കുകയും അവൻ്റെ ഇഷ്ട വിനോദമായ ഫുട്ബോൾ കളിക്കാൻ പന്ത് സമ്മാനമായി നൽകുകയും ചെയ്തു.

തങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് മകൻ മരിച്ചതെന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ തങ്ങളെ മാനസികമായി വിഷമിപ്പിക്കുന്നുണ്ടെന്ന് പിതാവ് പറഞ്ഞു. തലയണക്കവറിനുള്ളിൽനിന്നാണ് പാമ്പിനെ കിട്ടിയതെന്ന വിവരം തെറ്റാണെന്നും പിതാവ് വ്യക്തമാക്കി.

നിലവിൽ കുട്ടി പൂർണ്ണാരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും ആഹാരം കഴിക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും പിതാവ് വ്യക്തമാക്കി. ചികിത്സാ സഹായങ്ങൾ നൽകിയ സർക്കാരിനും മറ്റു വ്യക്തികൾക്കും കുടുംബം നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ 19-നാണ് തൃശ്ശൂർ കോടാലിക്ക് സമീപം കടമ്പോട് വസതിയിൽ അമ്മയ്‌ക്കൊപ്പം ഹാളിൽ നിലത്ത് കിടന്നുറങ്ങുകയായിരുന്ന അനോഷിനും എട്ടു വയസ്സുകാരനായ സഹോദരൻ ആൽജോയ്ക്കും പാമ്പുകടിയേറ്റത്. പുലർച്ചെ രണ്ട് മണിയോടെ ഇരുവർക്കും വയറുവേദന അനുഭവപ്പെട്ടെങ്കിലും ഭക്ഷ്യവിഷബാധയാണെന്നാണ് കുടുംബം ആദ്യം കരുതിയത്. തുടർന്ന് കുട്ടികളുടെ നില വഷളാവുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. ആശുപത്രി അധികൃതർ പാമ്പുകടിയേറ്റതാണോ എന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽനിന്ന് പാമ്പിനെ കണ്ടെത്തിയത്.

Content Highlights: Aljo has fully recovered from a severe snake bite incident in Kodali, Thrissur., The family credits the medical staff's dedicated care and timely intervention for his survival., Ambulance driver Shailesh and local friends played a crucial role in timely hospital transport., The child is now back to normal activities, including walking and eating independently.