അഭിപ്രായം ഗൗരവത്തിലെടുത്തില്ല, MPയെ കാണാൻ കിട്ടിയില്ല; രമ്യക്കെതിരെ പരാതിക്കെട്ടഴിച്ച് നേതാക്കൾ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് പഠിക്കാനെത്തിയ കോൺഗ്രസ് സമിതിക്കുമുന്നിൽ കാര്യങ്ങൾ തുറന്നുപറഞ്ഞ് നേതാക്കൾ. വെള്ളിയാഴ്ച ഡി.സി.സി. ഓഫീസിലായിരുന്നു സമിതി അംഗങ്ങളായ മുതിർന്ന നേതാവ് കെ.സി. ജോസഫ്, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ ബ്ലോക്ക് പ്രസിഡന്റുമാർമുതൽ മുകളിലോട്ടുള്ള നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടത്. സമിതിയിലെ മൂന്നാമത്തെ അംഗം കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എത്തിയിരുന്നില്ല.
പാലക്കാട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും തൃശ്ശൂർ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും പ്രതിനിധികൾ പാലക്കാട്ടെത്തി. പലരും വിവരങ്ങൾ എഴുതിത്തയ്യാറാക്കിയാണ് എത്തിയത്.
ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടിയാലോചനകൾ ഇല്ലായിരുന്നെന്നും പ്രചാരണത്തിന് കൂട്ടുത്തരവാദിത്വം ഇല്ലാതിരുന്നത് അപകടം വരുത്തിവെച്ചെന്നും പലരും സമിതിയോട് പറഞ്ഞതായാണ് സൂചന. സ്ഥാനാർഥി ഒറ്റയ്ക്കായിരുന്നു നീക്കങ്ങൾ. മുതിർന്ന നേതാക്കളോടുപോലും കൂടിയാലോചിച്ചില്ല.
തിരഞ്ഞെടുപ്പ് കമ്മിറ്റികൾ പലേടത്തും യോഗം ചേർന്നില്ല. അതിന് നേതൃത്വം നൽകാൻ സ്ഥാനാർഥിക്കോ സംഘടനയ്ക്കോ കഴിഞ്ഞില്ല. ജില്ലയിലെ എല്ലാമണ്ഡലങ്ങളിലും എത്തേണ്ടിയിരുന്ന പാലക്കാട് ഡി.സി.സി. പ്രസിഡന്റ് ആലത്തൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം ഏൽക്കരുതായിരുന്നെന്നും അഭിപ്രായമുണ്ടായി.
പലപ്പോഴും എം.പി.യെ മണ്ഡലത്തിൽ കാണാൻകിട്ടുന്നില്ലെന്ന പരാതിയുണ്ടായെന്നും ചിലർ ചൂണ്ടിക്കാട്ടി. ചിലഘട്ടങ്ങളിൽ പാർട്ടിനേതാക്കളുടെ അഭിപ്രായത്തെ രമ്യ ഹരിദാസ് ഗൗരവത്തിലെടുത്തില്ലെന്നും ചിലർ പരാതിപ്പെട്ടു.
രണ്ടുജില്ലകളിലുമായി മുപ്പതോളം പേരോടാണ് സമിതിയെ കാണാൻ നിർദേശിച്ചിരുന്നത്. ഇതിൽ ഒരാൾമാത്രം അസൗകര്യമറിയിച്ചിരുന്നു.
മുൻ എം.പി. വി.എസ്. വിജയരാഘവൻ, മുതിർന്ന നേതാക്കളായ വി.സി. കബീർ, കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, കെ.പി.സി.സി. ഭാരവാഹികളായ വി.ടി. ബലറാം, സി. ചന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ തുടങ്ങിയവരുമായും സമിതി സംസാരിച്ചു. സമിതിയിലെ മൂന്നംഗങ്ങളും യോഗം ചേർന്ന്, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് നിഗമനത്തിലെത്തുമെന്നും റിപ്പോർട്ട് കെ.പി.സി.സി.ക്ക് താമസമില്ലാതെ നൽകുമെന്നും കെ.സി. ജോസഫും ആർ. ചന്ദ്രശേഖരനും പറഞ്ഞു.
സംഘടനാ ചട്ടക്കൂടിനെതിരേയും പരാതി
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ സമിതി അംഗങ്ങളെ ഗസ്റ്റ്ഹൗസിലെത്തിയാണ് ആലത്തൂരിലെ സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ് കണ്ടത്. ഒരുമണിക്കൂറിലേറെ സംസാരിച്ചു. ജില്ലയിലെ സംഘടനാ ചട്ടക്കൂടിനെതിരേ ശക്തമായ പരാതി രമ്യയെ അനുകൂലിക്കുന്ന വിഭാഗം സമിതിയോട് പറഞ്ഞതായാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയില്ലാതെ പ്രവർത്തിച്ച ഏക മണ്ഡലം ആലത്തൂരായിരുന്നെന്ന് ഈ വിഭാഗം കുറ്റപ്പെടുത്തി. ചെയർമാനെയും കൺവീനറെയും മാത്രമേ പ്രഖ്യാപിച്ചുള്ളൂ. പബ്ലിസിറ്റി കൺവീനറോ, ഖജാൻജിയോ വൈസ് ചെയർമാൻമാരോ ഉണ്ടായിരുന്നില്ല. പ്രവർത്തനഫണ്ട് നൽകിയത് താഴേത്തട്ടിലെത്തിയില്ലെന്നും പറഞ്ഞതായാണ് സൂചന.
Content Highlights: KPCC fact finding panel on Alathur Ramya Haridas loss