ആടിയുലഞ്ഞ് പോകാം, തൃപ്പാളൂരിൽനിന്ന് കുനിശ്ശേരിയിലേക്ക്...

തൃപ്പാളൂർ-കുനിശ്ശേരി പാതയിൽ അങ്കമശാല ഭാഗത്തെ തകർച്ച
തൃപ്പാളൂർ-കുനിശ്ശേരി പാതയിൽ അങ്കമശാല ഭാഗത്തെ തകർച്ച

ആലത്തൂർ: തൃപ്പാളൂരിൽനിന്ന് കുനിശ്ശേരിവരെയുള്ള യാത്ര അതികഠിനമാണ്. അഞ്ചുകിലോമീറ്ററിലെ യാത്ര അവസാനിക്കുമ്പോൾ നടുവിനും ശരീരഭാഗങ്ങൾക്കും ഇളക്കം തട്ടിയിട്ടില്ലെങ്കിൽ ഭാഗ്യം.

മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ പൊതുപരിപാടികളുടെ ഭാഗമായുള്ള കൊടുവായൂർ-ആലത്തൂർ യാത്ര പ്രമാണിച്ച് 2025 മാർച്ചിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി പാതയിലെ കുഴികളടച്ചിരുന്നു. ഭരണം മാറിയെങ്കിലും പുതിയ മന്ത്രി ഇതുവഴി വരാത്തതിനാൽ വകുപ്പ് ഉദ്യോഗസ്ഥർ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന്‌ നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ആലത്തൂർ-കൊടുവായൂർ-ചിറ്റൂർ-കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി അന്തസ്സംസ്ഥാനപാതയുടെ ഭാഗമാണ് തൃപ്പാളൂർ-കുനിശ്ശേരി റോഡ്. ജില്ലയിലെയും തമിഴ്‌നാട്ടിലെയും സ്കൂൾ, കോളേജ് ബസുകളും സർവീസ് ബസുകളും ചരക്കുലോറികളും ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പ്രധാനപാത. ചിറ്റൂർ ഭാഗത്തുനിന്ന് രോഗികളുമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കടക്കം ആംബുലൻസുകൾ പോകുന്നതും ഇതുവഴിയാണ്.

ആലത്തൂരിൽനിന്ന് കുനിശ്ശേരിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചാൽ വരാത്ത സാഹചര്യമായെന്ന്‌ യാത്രക്കാർ പറയുന്നു. വന്നാൽത്തന്നെ പാതയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അധിക ചാർജ് ചോദിക്കുന്നുണ്ടെന്നും പരാതിയുണ്ട്.

അതേസമയം, തൃപ്പാളൂർ-കൊടുവായൂർ പാത നവീകരണത്തിനുള്ള രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ആലത്തൂർ സെക്‌ഷൻ അധികാരികൾ പറഞ്ഞു.

Content Highlights: Thrippalur to Kunissery road stretch is severely damaged with massive potholes., Essential interstate route connecting Kerala and Tamil Nadu used by thousands of vehicles and ambulances., Auto rickshaws refuse to ply or demand extra charges due to poor road conditions., PWD Roads Section states that a modernization blueprint has been submitted for approval.