മുഖ്യമന്ത്രിയുടെ ആരോപണവുമായി യോജിക്കാത്ത കണക്ക്; സ്ത്രീസുരക്ഷാ പെൻഷൻ ആലപ്പുഴയിൽ കൂടുതൽ നഷ്ടം UDFന്

ആലപ്പുഴ: എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി നിർത്തിയാൽ ആലപ്പുഴ ജില്ലയിൽ കൂടുതൽ നഷ്ടം യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക്. പദ്ധതി തുടങ്ങിയപ്പോൾ കൂടുതൽപേർ അപേക്ഷിച്ചതും അംഗീകാരം നൽകിയതും യു.ഡി.എഫ്. ഭരിക്കുന്ന സ്ഥാപനങ്ങളാണ്. ഗുണഭോക്തൃ പട്ടികയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിലുന്നയിച്ച ആരോപണവുമായി യോജിക്കാത്തതാണ് ജില്ലയിലെ കണക്കുകൾ.
കൂടുതൽ അപേക്ഷകൾക്ക് അംഗീകാരം നൽകിയത് (11,050) യു.ഡി.എഫ്. ഭരിക്കുന്ന ആലപ്പുഴ നഗരസഭയാണ്. ഇക്കാര്യത്തിൽ നഗരസഭകളിൽ രണ്ടാമത് കായംകുളമാണ് (3,448). ഇവിടെയും യു.ഡി.എഫിനാണ് ഭരണം. എൽ.ഡി.എഫ്. ഭരിക്കുന്ന ചേർത്തല മൂന്നാം സ്ഥാനത്താണ് (3,317).
2,000 അപേക്ഷയ്ക്കു മുകളിൽ അംഗീകാരം നൽകിയ 21 ഗ്രാമപ്പഞ്ചായത്തുകളിൽ 11 എണ്ണം മാത്രമാണ് എൽ.ഡി.എഫ്. ഭരിക്കുന്നത്. ഒൻപതെണ്ണത്തിൽ യു.ഡി.എഫും ഒരിടത്ത് എൻ.ഡി.എ.യുമാണ് ഭരിക്കുന്നത്. 1,000 അപേക്ഷയിൽത്താഴെ അംഗീകാരം നൽകിയ 10 പഞ്ചായത്തുകളിൽ മൂന്നിടത്ത് എൽ.ഡി.എഫിനാണ് ഭരണം.
ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതിൽ മുൻപന്തിയിൽ യു.ഡി.എഫ്. പഞ്ചായത്തുകളായിരുന്നു. ചേർത്തല തെക്കിലായിരുന്നു ആദ്യം കൂടുതൽ. എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളിൽ അപേക്ഷ കുറഞ്ഞെന്നും അംഗീകാരം നൽകുന്നതിൽ താമസം നേരിടുന്നെന്നും വിമർശമുയർന്നിരുന്നു. ഇതിനുശേഷമാണ് എൽ.ഡി.എഫ്. ഭരിക്കുന്ന മണ്ണഞ്ചേരിയും (4,433) മാരാരിക്കുളം തെക്കും (4,289) മുന്നിലെത്തിയത്. 3,317 അപേക്ഷയ്ക്ക് അംഗീകാരം നൽകിയ ചേർത്തല തെക്കാണ് പഞ്ചായത്തുകളിൽ മൂന്നാമത്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ്. നടപ്പാക്കിയ തട്ടിക്കൂട്ട് പദ്ധതിയാണിതെന്നും സി.പി.എം. ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും വേണ്ടപ്പെട്ടവരെയാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പദ്ധതി നടപ്പാക്കുന്നതിന് കർശന പരിശോധന വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജില്ലയിൽ 1.43 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ഇവർക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പെൻഷൻ ലഭിച്ചത്.
സ്ത്രീസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ
നഗരസഭ എണ്ണം
ആലപ്പുഴ 11,050
കായംകുളം 3,448
ചേർത്തല 3,317
ഹരിപ്പാട് 1,492
മാവേലിക്കര 896
ചെങ്ങന്നൂർ 681
കൂടുതൽ ഗുണഭോക്താക്കളുള്ള ഗ്രാമപ്പഞ്ചായത്ത്
മണ്ണഞ്ചേരി 4,433
മാരാരിക്കുളം തെക്ക് 4,289
ചേർത്തല തെക്ക് 3,317
പാണാവള്ളി-2,975
തൃക്കുന്നപ്പുഴ 2,829
പുറക്കാട് 2,804
പട്ടണക്കാട് 2,757
ആറാട്ടുപുഴ-2,749
അമ്പലപ്പുഴ വടക്ക് 2,734
തുറവൂർ 2,514
മാരാരിക്കുളം വടക്ക് 2,410
ചേന്നംപള്ളിപ്പുറം 2,392
തണ്ണീർമുക്കം 2,337
കഞ്ഞിക്കുഴി 2,270
വള്ളികുന്നം 2,228
ചെട്ടികുളങ്ങര 2,227
അരൂർ 2,224
ആര്യാട് 2,192
പാലമേൽ 2,132
പുന്നപ്ര തെക്ക് 2,097
ഭരണിക്കാവ് 2,030
കുറവ് ഗുണഭോക്താക്കളുള്ള ഗ്രാമപ്പഞ്ചായത്ത്
ആല 605
ചിങ്ങോലി 724
കാർത്തികപ്പള്ളി 879
മുട്ടാർ 676
പാണ്ടനാട് 582
പെരുമ്പളം 866
പുലിയൂർ 898
രാമങ്കരി 950
വീയപുരം 783
വെളിയനാട് 859
Content Highlights: UDF-led local bodies in Alappuzha have approved the highest number of women's security pension applications., Alappuzha Municipality leads with 11,050 approvals, followed by Kayamkulam., Data contradicts CM's allegations regarding beneficiary list irregularities., Analysis covers 21 grama panchayats with high beneficiary counts., Total of 1.43 lakh beneficiaries received pensions for February and March.