ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 128 കോടി രൂപ

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ആലപ്പുഴ: ജില്ലയിലെ വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകള്‍ക്കു തിരികെ നല്‍കാനായി ധനകാര്യ മന്ത്രാലയം 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ബോധവത്കരണ കാംപെയ്ന്റെ ഭാഗമായി ജില്ലയില്‍ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എഡിഎം ആശ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈഎംസിഎയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 203 പേര്‍ പങ്കെടുത്തു.

ഒക്ടോബര്‍ ഒന്നുമുതല്‍ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ലഭിച്ച 2,369 അപേക്ഷകളിലായി 2,61,86,000 രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍ പറഞ്ഞു. 10 വര്‍ഷത്തിലേറെയായി ഒരിടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇവ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.

ചടങ്ങില്‍ ആലപ്പുഴ എസ്ബിഐ റീജണല്‍ മാനേജര്‍ ടി.വി. മനോജ്, നബാര്‍ഡ് ഡിഡിഎം മിനു അന്‍വര്‍ വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Over ₹128 crore in unclaimed deposits lying with banks in Alappuzha district. A special camp was held to help rightful owners claim their money.