ഷാമിൽ ഖാൻ വർഷങ്ങളായി വാഹനങ്ങൾ വാടകയ്ക്ക് നല്‍കുന്നയാൾ, കേസെടുത്തു; ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട്

ഷാമില്‍ ഖാന്‍, അപകടത്തില്‍പെട്ട കാര്‍
ഷാമില്‍ ഖാന്‍, അപകടത്തില്‍പെട്ട കാര്‍

ആലപ്പുഴ: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വാഹനമുടമ ഷാമില്‍ ഖാനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. സ്വകാര്യ രജിസ്‌ട്രേഷനിലുള്ള വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് മോട്ടോര്‍വാഹന നിയമപ്രകാരം കേസെടുത്തതെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ പറഞ്ഞു.

കാറുടമയുടെ മൊഴി വെള്ളിയാഴ്ച വീണ്ടും രേഖപ്പെടുത്തിയശേഷമാണു നടപടി. സൗഹൃദത്തിന്റെ പേരില്‍ കാര്‍ നല്‍കിയതാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമ. എന്നാല്‍, ഇതിനെതിരായ തെളിവുകള്‍ മോട്ടോര്‍വാഹന വകുപ്പ് ശേഖരിച്ചു. ഇയാള്‍ വര്‍ഷങ്ങളായി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നുണ്ടെന്നും ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി.

ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തി വിശദ റിപ്പോര്‍ട്ട് ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച നല്‍കും. കോടതി നിര്‍ദേശമനുസരിച്ചാകും തുടര്‍നടപടി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഒന്‍പതിന് ആലപ്പുഴയില്‍

കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ആലപ്പുഴയിലെത്തും. തിങ്കളാഴ്ച അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. മോട്ടോര്‍വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ റോഡു സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളും നിയന്ത്രണങ്ങളും ചര്‍ച്ചയാകും.

പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ്

അമ്പലപ്പുഴ : കളര്‍കോട്ട് അപകടത്തില്‍ പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യനില അല്പം മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഗൗരീശങ്കര്‍, കൊല്ലം പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണു ചികിത്സയിലുള്ളത്.

കൃഷ്ണദേവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു.വി.ലേക്കു മാറ്റി. സ്വയം ആഹാരം കഴിക്കുന്നുമുണ്ട്. തലച്ചോറിലെ ക്ഷതം തൃപ്തികരമായ അവസ്ഥയിലായതോടെ ആനന്ദ് മനു ചികിത്സയോടു പ്രതികരിച്ചുതുടങ്ങി. ആരോഗ്യനില പുരോഗമിക്കുന്നതിനനുസരിച്ച് ബുധനാഴ്ച തുടയെല്ലിന്റെ ശസ്ത്രക്രിയ നടത്തും. ഗൗരീശങ്കറിനു വെള്ളിയാഴ്ച തുടയെല്ലിന്റെ ശസ്ത്രക്രിയ നടത്തി. മുഹസ്സിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് കൈപ്പത്തിയിലെ അസ്ഥിയുടെ ശസ്ത്രക്രിയ നടത്തും.

Content Highlights: alappuzha medical students accident rto case against car owner