മെഡിക്കൽകോളേജിലെ നിയമനത്തിന് 2 ലക്ഷം കൈക്കൂലി: സുധാകരന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണംവേണമെന്ന് സലാം

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ, എച്ച്. സലാം | Photo: മാതൃഭൂമി
ജി. സുധാകരൻ, എച്ച്. സലാം | Photo: മാതൃഭൂമി

അമ്പലപ്പുഴ (ആലപ്പുഴ): കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്കൂലിവാങ്ങി നിയമനം നടത്തിയെന്ന ജി. സുധാകരൻ എം.എൽ.എ.യുടെ ആരോപണത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് മുൻ എം.എൽ.എ. എച്ച്. സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടുകണ്ടാണ് സലാം ഇക്കാര്യമാവശ്യപ്പെട്ടത്. ജൂൺ 26-ന് മെഡിക്കൽ കോളേജിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സുധാകരൻ ആരോപണമുന്നയിച്ചത്.

പണംവാങ്ങിയ ആളുകളെ അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞതായി സലാം കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു വേദികളിലും സുധാകരൻ ആരോപണം ഉന്നയിച്ചിരുന്നു. കൈക്കൂലിവാങ്ങിയ കാര്യം നേരിട്ടറിഞ്ഞിട്ടും അത് നിയമസംവിധാനത്തിനു മുന്നിലെത്തിക്കാതെ മറച്ചുവെക്കുകയാണ് നിയമസഭാംഗം കൂടിയായ സുധാകരൻ ചെയ്തതെന്നാണ് സലാമിന്റെ ആരോപണം. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. കൈക്കൂലി നൽകിയവരെയും വാങ്ങിയവരെയും അറിയാവുന്ന ജി. സുധാകരന്റെ മൊഴിയെടുക്കണമെന്നും മന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ജി. സുധാകരൻ അന്നുപറഞ്ഞത്

മെഡിക്കൽ കോളേജിലെ താത്കാലിക നിയമനങ്ങൾക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടുലക്ഷം രൂപവീതം കൈക്കൂലി വാങ്ങിയെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. ‘അഞ്ചുവർഷം നൂറിലേറെപ്പേരെയാണ് താത്കാലികമായി നിയമിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർചെയ്തവർക്ക് കിട്ടേണ്ടതാണിതെല്ലാം. രാഷ്ട്രീയ ഇടപെടൽ മെഡിക്കൽ കോളേജിൽ അനുവദിച്ചുകൂടാ. ഭരണകക്ഷിയോ പ്രതിപക്ഷമോ ഇവിടെയില്ല. ഡോക്ടർമാരും രോഗികളും മരുന്നും മാത്രമേയുള്ളൂ. കുടുംബശ്രീക്ക് എന്തധികാരമാണ് മെഡിക്കൽ കോളേജിൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ. സ്വന്തം കുടുംബമല്ലാതെ മറ്റാരുടെയെങ്കിലും കുടുംബം അവർ നോക്കുന്നുണ്ടോ. കുടുംബശ്രീയെന്നുപറഞ്ഞാൽ കുടുംബത്തിന്റെ ഐശ്വര്യമാണെന്നാണർഥം. 15 പേരുടെ കുടുംബത്തിനപ്പുറം അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ’- അഞ്ചുകൊല്ലം ഔദ്യോഗികസംവിധാനം കണക്കിലെടുക്കാതെ രാഷ്ട്രീയക്കാരെന്നു മേനിനടിക്കുന്നവർ തന്നിഷ്ടം കാണിച്ചതായും അന്ന് ജി. സുധാകരൻ ആരോപിച്ചിരുന്നു.

Content Highlights: Former MLA H. Salam demands a vigilance probe into alleged bribery during temporary appointments at Alappuzha Medical College., G. Sudhakaran earlier alleged that ₹2 lakh was taken as bribes for appointments during the previous government's tenure., Salam met Home Minister Ramesh Chennithala in person to submit a formal letter seeking an investigation and Sudhakaran's testimony.