ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കും

കാസർകോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308) കാസർകോട്ടേക്ക് നീട്ടിയേക്കുമെന്ന് സൂചന. മുൻപ് ഇതേക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. സമയക്രമവും എന്നുമുതലാണ് നീട്ടുന്നതെന്ന കാര്യവുമൊന്നും പുറത്തുവന്നിട്ടില്ല. തീവണ്ടി നീട്ടുന്നത് കണ്ണൂരിനു വടക്കോട്ടുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുമെങ്കിലും രാത്രി വൈകി ഇവിടെയെത്തുന്നതും പുലർച്ചെ വളരെ നേരത്തേ പുറപ്പെടുന്നതും അസൗകര്യമാണ്.
വൈകിട്ട് 3.50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന വണ്ടി 12.30-നാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരിൽനിന്ന് പുലർച്ചെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴയിലുമെത്തും. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കടത്തിവിടാനായി വഴിയിൽ പിടിച്ചിടുന്നതിനാൽ മിക്ക ദിവസങ്ങളിലും വണ്ടി കണ്ണൂരിലെത്തുന്നത് വൈകിയാണ്. അതേപോലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസുമായി റേക്ക് പങ്കിട്ടാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. കാസർകോട്ടേക്ക് നീട്ടിയാൽ ഇക്കാര്യത്തിലും ക്രമീകരണം വേണ്ടിവരും.
സൗകര്യം പാലക്കാട്-കണ്ണൂർ എക്സ്പ്രസ് നീട്ടുന്നത്
ആലപ്പുഴ എക്സിക്യൂട്ടീവിനെ അപേക്ഷിച്ച് പാലക്കാട്-കണ്ണൂർ എക്സ്പ്രസ് (പ്രധാനമായും കോയമ്പത്തൂർ-കണ്ണൂർ ലിങ്ക് സർവീസ്) കാസർകോട്ടേക്ക് നീട്ടുന്നതാണ് കണ്ണൂരിന് വടക്കോട്ടുള്ള യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുക.
16611 പാലക്കാട് - കണ്ണൂർ എക്സ്പ്രസ്: ദിവസവും ഉച്ചകഴിഞ്ഞ് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് രാത്രി 7.25-ന് കണ്ണൂരിലെത്തും.
16607 കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ്: രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 1.45-ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.
കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് നീട്ടുകയാണെങ്കിൽ കാസർകോട്ടെത്തുന്ന സമയവും തിരികെ പുറപ്പെടുന്ന സമയവും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്. രാത്രി 7.25-ന് കണ്ണൂരിലെത്തുന്ന വണ്ടി കാസർകോട്ടേക്ക് നീട്ടിയാൽ ഗുണമാകും. അതേപോലെ പുലർച്ചെ തിരിച്ച് ഷൊറണൂർ ഭാഗത്തേക്കും.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിനായി വെള്ളം നിറയ്ക്കാനും ക്ലീനിങ്ങിനുമുള്ള സൗകര്യം കാസർകോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് 2.30-ന് മടങ്ങും. ഇതിനുശേഷം ഈ പ്ലാറ്റ്ഫോമിലേക്ക് മറ്റു വണ്ടികളൊന്നും എത്താറില്ല. അതേപോലെ കാസർകോട്ടെ ബേ ലൈനിലും വണ്ടികളുണ്ടാകാറില്ല. അതിനാൽ തീവണ്ടികൾ ഇവിടേക്ക് നീട്ടിയാൽ ഇവിടങ്ങളിൽ തടസ്സങ്ങളൊന്നുമില്ലാതെ നിർത്തിയിടാനാകും.