'അവധിയില്ല, നേരത്തെ ഉറങ്ങണം, ഉമ്മ ചോദിച്ചുവാങ്ങാന്‍ മറക്കരുതേ'; വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

Krishna Teja | Photo:Facebook.com/districtcollectoralappuzha
Krishna Teja | Photo:Facebook.com/districtcollectoralappuzha

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ് ആലപ്പുഴ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത് ആദ്യംതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. അതിന് പിന്നാലെ സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്റെ പഠനകാലത്തെക്കുറിച്ചും ഐഎഎസ് പാസ്സാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇപ്പോഴിതാ കുട്ടികള്‍ക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടര്‍. 

കൃഷ്ണ തേജ പങ്കുവെച്ച കുറിപ്പ് 

പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളില്‍ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാന്‍ പോകുന്ന സന്തോഷത്തിലും ചിലര്‍ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ... 
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛനോടും അമ്മയോടും നെറ്റിയില്‍ ഒരു ഉമ്മ ചോദിച്ച് വാങ്ങാന്‍ മറക്കരുതേ...??
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ...അമ്മേ ... ഞാന്‍ നന്നായി പഠിക്കും. വലുതാകുമ്പോള്‍ നിങ്ങള്‍ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കും. പൊന്നുപോലെ നോക്കും. 
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികള്‍ക്കും സ്‌നേഹാശംസകള്‍.
ഒരുപാട് സ്‌നേഹത്തോടെ,
നിങ്ങളുടെ സ്വന്തം.

Content Highlights: Alappuzha collector VR Krishna teja's facebook post viral