എ.കെ.ജി. സെന്ററിന് ഭൂമിയനുവദിച്ച ഫയൽ കാണാനില്ല, ആർക്കൈവ്‌സിലുമില്ലെന്ന് വിവരാവകാശ രേഖ

എകെജി പഠന ഗവേഷണ കേന്ദ്രം| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
എകെജി പഠന ഗവേഷണ കേന്ദ്രം| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് അനുവദിച്ചതിനെക്കാൾകൂടുതൽ ഭൂമി ഉണ്ടെന്ന കേസ് ഹൈക്കോടതിയിൽ നടന്നുവരുന്നതിനിടെ, ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ ആർക്കൈവ്‌സിൽ ഇല്ലെന്ന് വിവരാവകാശരേഖ. 1977-ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ജി. പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്നതിന് എ.കെ.ജി. സ്മാരകസമിതിക്ക് കേരള സർവകലാശാലയോട് ചേർന്നുള്ള ഭൂമി കൈമാറിയത് സംബന്ധിച്ച ഫയൽ ആർക്കൈവ്‌സിന് കൈമാറിയെന്നായിരുന്നു റവന്യൂവകുപ്പ് വിവരാവകാശനിയമപ്രകാരം നേരത്തേ അറിയിച്ചത്.

ഹൈക്കോടതിയിലെ കേസിൽ കളക്ടർ നൽകിയിട്ടുള്ളത് 1977 ഓഗസ്റ്റ്‌ 20-ലെ ജി.ഒ.എം.എസ്. 1172/77/ ആർഡി ഉത്തരവിന്റെ നമ്പറാണ്. എന്നാൽ ഉത്തരവ് നൽകിയിട്ടില്ല. 1977 ഓഗസ്റ്റ്‌ 20-ലെ ജി.ഒ.എം.എസ്. 1172/77/ ആർഡി നമ്പർ ഉത്തരവ് അടങ്ങിയ തീർപ്പ് ഫയൽ വകുപ്പിന് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് ആർക്കൈവ്‌സ് ഡയറക്ടർ വിവരാവകാശപ്രകാരം മറുപടി നൽകിയത്. 1171/77 കഴിഞ്ഞാൽ 1174/77 നമ്പർ ഫയലാണുള്ളത്.

എ.കെ.ജി.യുടെ മരണത്തെത്തുടർന്ന് ഇ.എം.എസ്. ചെയർമാനും ഇ.കെ. നായനാർ സെക്രട്ടറിയുമായി എ.കെ.ജി. സ്മാരകസമിതിയുണ്ടാക്കി. സി.പി.എം. നേതാക്കളായിരുന്ന എം.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ എന്നിവർ മുഖ്യമന്ത്രി ആന്റണിയെക്കണ്ട് എ.കെ.ജി.യുടെ പേരിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയ്ക്ക് നൽകിയ ഭൂമിയിൽനിന്നുള്ളത്‌ അനുവദിച്ചത്. എന്നാൽ, ഇത് എത്ര സെന്റാണെന്ന തർക്കം നിലനിൽക്കുന്നു. ഭൂമി അനുവദിച്ച ഉത്തരവ് ലഭ്യമായാലേ വ്യക്തത വരൂ.

പിന്നീട് കേരള സർവകലാശാലയിൽനിന്ന് 15 സെൻറുകൂടി ഗിഫ്റ്റായി പുതുതായി രൂപവത്കരിച്ച എ.കെ.ജി. ട്രസ്റ്റിന്റെ പേരിൽ നൽകിയെന്നാണ് രേഖ. സർക്കാർവക ഭൂമി സർവകലാശാലയ്ക്ക് മറ്റേതെങ്കിലും സ്ഥാപനത്തിന് ഇത്തരത്തിൽ നൽകാനാകില്ലെന്നാണ് വാദം. ഈ ഭൂമി ഇതുവരെ പതിച്ചുനൽകിയിട്ടില്ല.

2018-ലെ റീസർവേ പ്രകാരം എ.കെ.ജി. സെന്ററിന് 55 സെന്റ് കൈവശമുണ്ടെന്നും ഭൂമി പുറമ്പോക്കാണെന്നും അതുകൊണ്ട് തണ്ടപ്പേര് പതിക്കുകയോ കരമൊടുക്കുകയോ ചെയ്യുന്നില്ലെന്നും വിവരാവകാശ രേഖകൾ പറയുന്നു. ഏത് ആവശ്യത്തിനാണോ ഭൂമി അനുവദിച്ചത് അതിനല്ലാതെ ഉപയോഗിച്ചാൽ അത് അസാധുവാകുമെന്നാണ് വ്യവസ്ഥ. ഇക്കാര്യം ഉന്നയിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഹൈക്കോടതിയിൽ കേസ് നൽകിയത്.

Content Highlights: RTI reveals that the original 1977 file regarding AKG Centre land allotment is missing from state archives., Discrepancies in the official Government Order (G.O.M.S. 1172/77/RD) have surfaced during court proceedings., The Save University Campaign Committee is challenging the land possession in the Kerala High Court., Controversy persists over whether the land was rightfully allotted or if it remains government puramboke land.