അക്രമികളെ ന്യായീകരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?- എ.ഐ.എസ്.എഫ്.

എഐഎസ്എഫ് പതാക, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി
എഐഎസ്എഫ് പതാക, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കോളേജ് കാമ്പസിലെ അതിക്രമ സംഭവത്തിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും പ്രതിഷേധാര്‍ഹമാണ്. നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്തമാക്കണമെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തിത്തന്നെ പോയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ വലിയ വില കൊടുക്കേണ്ടതായി വരും. നാല് വര്‍ഷ ഡിഗ്രി നടപ്പിലാക്കി, മാറ്റത്തിന് കലാലയങ്ങള്‍ ചുവടുവെക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളില്‍നിന്ന് ഒഴിവാക്കാന്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികള്‍ക്ക് വിധേയരാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

'സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുറത്തുവരുന്ന അക്രമവാര്‍ത്തകള്‍ അപമാനകരമാണ്. കേരള സര്‍വ്വകലാശാല കാര്യവട്ടം  ക്യാമ്പസിലും പുനലൂര്‍ എസ്.എൻ കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുസമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനേ സഹായിക്കുകയുള്ളു', എഐഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

Content Highlights: aisf criticism cm pinarayi vijayan-Tried to justify the attackers-sfi