കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്താവിഭാഗം നിർത്തലാക്കാൻ വീണ്ടും നീക്കം

#ബിജു ഉള്ള്യേരി
കോഴിക്കോട് ആകാശവാണി | Photo: Mathrubhumi
കോഴിക്കോട് ആകാശവാണി | Photo: Mathrubhumi

കോട്ടയ്ക്കൽ: കോഴിക്കോട് ആകാശവാണിയുടെ പ്രാദേശിക വാർത്താവിഭാഗത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ വീണ്ടും ആലോചന. വർഷങ്ങളുടെ പ്രക്ഷേപണപാരമ്പര്യമുള്ള റീജണൽ ന്യൂസ് യൂണിറ്റിനാണ് (ആർഎൻയു) താഴിടാൻ പ്രസാർഭാരതി നീക്കം നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ആർഎൻയു മതി എന്ന കാരണംപറഞ്ഞാണിത്. കേരളത്തിൽ മറ്റൊന്നുള്ളത് തിരുവനന്തപുരത്താണ്.

പത്തുവർഷം മുൻപേ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ശ്രോതാക്കളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് ആ തീരുമാനം തത്കാലം മരവിപ്പിക്കുകയായിരുന്നു. ‘മാതൃഭൂമി’ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ശ്രമങ്ങളും രാഷ്‌ട്രീയ ഇടപെടലുകളും അതിനു സഹായകമായി. ആ നീക്കമാണിപ്പോൾ വീണ്ടും തലപൊക്കുന്നത്. നിലവിലുള്ള ഏക സ്ഥിരം ന്യൂസ് റീഡർ ഈ വർഷം മേയ് 31-ന് പടിയിറങ്ങുന്നതോടെ കോഴിക്കോട്ടെ പ്രാദേശിക വാർത്താവിഭാഗത്തിനു പൂട്ടിടുമെന്ന് അറിയുന്നു.

ആറുപതിറ്റാണ്ടിന്റെ ചരിത്രം

1966 ഏപ്രിൽ 14-നാണ് കോഴിക്കോട് പ്രാദേശിക വാർത്താവിഭാഗം ആരംഭിക്കുന്നത്. മലബാറിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ പ്രത്യേകതകൾ പരിഗണിച്ചാണ് തിരുവനന്തപുരത്ത് വാർത്താ യൂണിറ്റ് ഉണ്ടായിരിക്കെ കോഴിക്കോട്ടും തുടങ്ങുന്നത്. 60 വർഷത്തെ പാരമ്പര്യമുള്ള ജനപ്രിയ വാർത്താവിഭാഗം നിർത്തലാക്കുന്നത് കഷ്ടമാണെന്ന് ആകാശവാണിയിൽനിന്ന് ഈയിടെ ന്യൂസ് റീഡർ ആയി വിരമിച്ച ഹക്കിം കൂട്ടായി പറഞ്ഞു. നേരത്തേ ന്യൂസ് എഡിറ്റർ, ലേഖകൻ തുടങ്ങിയ എല്ലാവിഭാഗം ജീവനക്കാരും കോഴിക്കോട് ആർഎൻയുവിൽ ഉണ്ടായിരുന്നു. അവരിൽ ചിലർ സ്ഥലംമാറുകയോ വിരമിക്കുകയോ ചെയ്തപ്പോൾ പകരം ആളെ വെച്ചില്ല. ഈ പ്രശ്‌നം പുതിയ ആളുകളെ നിയമിക്കാതെതന്നെ പരിഹരിക്കാം. മറ്റു സ്ഥലങ്ങളിൽനിന്ന് ട്രാൻസ്‌ഫർ ആയി വരാൻ താത്‌പര്യമുള്ളവരുണ്ട് -ഹക്കിം പറഞ്ഞു.

രാവിലെ 6.45-നും ഉച്ചയ്ക്ക് 12.30-നും 10 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പ്രാദേശികവാർത്തകളാണ് കോഴിക്കോട്ടുനിന്ന് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ ആറിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ചെറുബുള്ളറ്റിനുകൾ വേറെയും.

പ്രതിഷേധമുയർത്തും -ശ്രോതാക്കളുടെ കൂട്ടായ്‌മ

പ്രാദേശികവാർത്താവിഭാഗം നിർത്തലാക്കുന്നതിൽ പ്രതിഷേധമുയർത്തുമെന്ന് അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുഞ്ഞ് തൃക്കാക്കര പറഞ്ഞു. കോഴിക്കോട്ടുനിന്നുള്ള പ്രാദേശിക വാർത്തകൾക്ക് ഒട്ടേറെ ശ്രോതാക്കളുണ്ട്. പ്രത്യേകിച്ച് രാവിലെ 6.45-നുള്ള വാർത്തയ്ക്ക്. യൂണിറ്റ് നിർത്തുമ്പോൾ കാഷ്വൽ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന പ്രശ്‌നവുമുണ്ട്. ജനപ്രതിനിധികൾകൂടി ഇടപെട്ടാലേ പരിഹാരമുണ്ടാകൂ -മൊയ്തീൻകുഞ്ഞ് പറഞ്ഞു.

Content Highlights: Prasar Bharati to Close Kozhikode RNU; Malabar to Lose Its Iconic Radio News Voice