ബഹ്റൈൻ-കൊച്ചി വിമാനയാത്രയിൽ ഹൃദയാഘാതം,കണ്ണൂരിൽ അടിയന്തര ലാൻഡിങ്: തൃശ്ശൂർ സ്വദേശി മരിച്ചു

അഖിൽ
അഖിൽ

മട്ടന്നൂർ: ഹൃദയാഘാതത്തെത്തുടർന്ന് വിമാനയാത്രികൻ മരിച്ചു. ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കുന്നംകുളം വേലൂർ സ്വദേശി ചാങ്കര അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽനിന്ന് പുറപ്പെട്ടതിനുശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.15-ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടതായിരുന്നു വിമാനം. മെഡിക്കൽ സഹായത്തിനായി അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രാവിലെ 8.10-ഓടെ കണ്ണൂരിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിലെ ക്ലിനിക്കിൽ അടിയന്തരചികിത്സ നൽകിയശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു. അച്ഛൻ: സുധാകരൻ. അമ്മ: ജയശ്രീ. ഭാര്യ: ദീപ. മകൾ: അഹാന. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

Content Highlights: Tragic incident: Air India Express passenger from Bahrain to Kochi dies of heart attack.