കിനാലൂരിൽ 250 ഏക്കർ നീക്കിവെക്കും, 150 ഏക്കർ ഏറ്റെടുത്തു; എയിംസ് സ്വപ്നം മാർച്ചോടെ യാഥാർത്ഥ്യമാകും?

തിരുവനന്തപുരം: ഒരുപതിറ്റാണ്ടായി മലയാളികൾ സ്വപ്നംകാണുന്ന എയിംസ് അടുത്ത മാർച്ചോടെ യാഥാർഥ്യമായേക്കും. കേരളത്തിന്റെ ആവശ്യം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന (പിഎംഎസ്എസ്വൈ)യുടെ അടുത്തഘട്ടത്തിൽ ഉൾപ്പെടുത്താൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പിഎംഎസ്എസ്വൈയുടെ ഇപ്പോഴത്തെ ഘട്ടം മാർച്ചോടെ അവസാനിക്കും. അടുത്തഘട്ടത്തിൽ എയിംസ് ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ അവകാശപ്രവർത്തകൻകൂടിയായ ഡോ. കെ.വി. ബാബുവിന് ആരോഗ്യമന്ത്രാലയം നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. നിർദേശം അംഗീകരിച്ചാൽ അടുത്ത കേന്ദ്രബജറ്റിൽ കേരളത്തിന്റെ എയിംസും ഇടംപിടിച്ചേക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ ആവശ്യം ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രം നേരത്തേ സംസ്ഥാനത്തെ അറിയിച്ചിരുന്നു. എവിടെ, എപ്പോൾ സ്ഥാപിക്കുമെന്ന ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല.
കിനാലൂർ തന്നെ
നേരത്തെ തന്നെ സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്ന കോഴിക്കോട് ജില്ലയിലെ കിനാലൂരിനാണ് സംസ്ഥാന സർക്കാരിന്റെ പ്രഥമപരിഗണന. 2014 മുതൽ ഇക്കാര്യം പലവട്ടം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കിനാലൂരിൽ 250 ഏക്കർ ഭൂമി എയിംസിനായി നീക്കിവെക്കാൻ സംസ്ഥാനം തയ്യാറാണ്. 150 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. കെഎസ്ഐഡിസിയുടെ പക്കലുണ്ടായിരുന്നതാണ് ഇത്. ബാക്കി നൂറേക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
തുടക്കത്തിൽ കിനാലൂരിനൊപ്പം കോട്ടയം മെഡിക്കൽ കോളേജ്, കളമശ്ശേരി എച്ച്എംടി എന്നിവയുടെ സ്ഥലങ്ങളും തിരുവനന്തപുരം നെട്ടികാൽത്തേരിയും പരിഗണിച്ചിരുന്നെങ്കിലും കിനാലൂർതന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: AIIMS for Kerala: Project Inches Closer to Reality by March