കടുവസെൻസസിന് പോയവരുടെ കൈയിൽ വെട്ടുകത്തി മാത്രം, രാത്രിയോടെ മൊബൈലും ഓഫ് ആയി; പോലീസ് അറിയുന്നത് മാധ്യമങ്ങളിലൂടെ

#ന്യൂസ് ഡെസ്ക്
• കടുവകളുടെ കണക്കെടുപ്പിനുപോയി വനത്തിൽ 14 മണിക്കൂർ കുടുങ്ങിക്കിടന്ന വനപാലകർ ആർആർടിയോടൊപ്പം
• കടുവകളുടെ കണക്കെടുപ്പിനുപോയി വനത്തിൽ 14 മണിക്കൂർ കുടുങ്ങിക്കിടന്ന വനപാലകർ ആർആർടിയോടൊപ്പം

നെടുമങ്ങാട്: കടുവകളുടെ കണക്കെടുപ്പിനുപോയ മൂന്ന് വനംവകുപ്പ് ജീവനക്കാർ അഗസ്ത്യകൂട മലനിരകളിൽ കുടുങ്ങി. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള സംഘത്തിനെ രക്ഷപ്പെടുത്തിയത് 14 മണിക്കൂറുകൾ കഴിഞ്ഞ്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽനിന്നുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, നൈറ്റ് വാച്ചർ രാജേഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കാടുകയറിയത്.

രാവിലെ എട്ടുമണിയോടെ ഇവർ ആദ്യമെത്തിയത് ബോണക്കാട് കിളവൻതോട്ടത്തെ ക്യാമ്പ് ഷെഡ്ഡിലായിരുന്നു. അവിടെനിന്ന്‌ പാണ്ഡിപ്പത്ത് വഴി ചെമ്മുഞ്ചിമൊട്ടയുടെ അടിവാരത്ത് എത്തിയപ്പോഴേക്കും വൈകീട്ട് അഞ്ചുമണി കഴിഞ്ഞിരുന്നു. പെട്ടെന്ന് ഇരുട്ട് പരന്നതോടെ ഇവർ വനത്തിനുള്ളിൽ പെട്ടുപോയി. ആരുടെ പക്കലും ടോർച്ചോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. ഫോണിന്റെ റെയ്ഞ്ചും നഷ്ടപ്പെട്ടതോടെ സംഘത്തെ ബന്ധപ്പെടാൻ കഴിയാതെ വനംവകുപ്പ് നെട്ടോട്ടത്തിലായി.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വനംവകുപ്പ് ഊർജിതമായി അന്വേഷണം ആരംഭിച്ചത്. ക്യാമ്പ് ഷെഡ്ഡിൽനിന്ന്‌ 17 കിലോമീറ്റർ അകലെയുള്ള ഈരാറ്റുമുക്ക് എന്ന ഉൾവനമേഖലയിൽനിന്നുമാണ് ഒടുവിൽ ഇവർ അന്വേഷണസംഘത്തിനടുത്തേക്കു നടന്നെത്തിയത്. ഡിഎഫ്ഒ ഷാനവാസ്, റെയ്ഞ്ച് ഓഫീസർമാരായ ശ്രീജു, അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആർആർടി സംഘം നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്താനായത്. പരുത്തിപ്പള്ളി പാലോട് ആർആർടി സംഘമാണ് തിരച്ചിലിൽ ഉണ്ടായിരുന്നത്.

വനംവകുപ്പിന്റേത്‌ഗുരുതരമായ വീഴ്ച

തോക്ക്, ടോർച്ച്, പടക്കം ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുമായി മാത്രമേ കടുവ സെൻസസിന് ഉൾക്കാട്ടിലേക്ക്‌ വനംവകുപ്പ് ജീവനക്കാരെ അയക്കാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, സെൻസസിനു പോയവരുടെ കൈവശമുണ്ടായിരുന്നത് ഒരു വെട്ടുകത്തി മാത്രമായിരുന്നു. രാത്രിയിൽ വനത്തിൽ പെട്ടുപോയതോടെ മൊബൈൽഫോണിന്റെ വെളിച്ചം മാത്രമായി ആശ്രയം. അതിനാൽ അധികം താമസിക്കാതെ മൂന്നുപേരുടെയും മൊബൈൽ ഓഫായി.

ജീവനക്കാരെ കാണാതായിട്ടും വനംവകുപ്പ് ആ വിവരം പോലീസിനെ അറിയിച്ചില്ല. ഒരുപക്ഷേ, അപ്പോൾത്തന്നെ ഈ വിവരം വിതുര സ്റ്റേഷനിൽ അറിയിച്ചിരുന്നുവെങ്കിൽ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി മൂന്നുപേരെയും രാത്രിയോടെതന്നെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. രാവിലെ ഒൻപത് മണിയോടെ മാധ്യമപ്രവർത്തകർ വിളിക്കുമ്പോഴാണ് വിതുര പോലീസ് വിവരമറിഞ്ഞത്.

Content Highlights: Agasthyarkoodam Tiger Census Crew Rescued After 14-Hour Forest Ordeal