എല്ലാവരുടെയും സ്നേഹത്തിന് കാരണം അമ്മ; യാത്രചെയ്യണം, നല്ല മനുഷ്യരെ കാണണം- പേരറിവാളൻ

ചെന്നൈ: ''നെറയെ യാത്രചെയ്യണം, നല്ല മനുഷ്യരെ കാണണമെന്ന് ആഗ്രഹമുണ്ട്. കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷം നാല് ചുമരുകൾക്കുള്ളിലായിരുന്നില്ലേ?'', രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചശേഷം പേരറിവാളൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
എല്ലാവരും വളരെ സ്നേഹത്തോടെയാണ് സമീപിക്കുന്നത്. ഇത്രയും കാലം എല്ലാവരുടേയും വീട്ടിലും കുടുംബങ്ങളിലും എന്നെ സ്നേഹത്തോടെ കാണാനുള്ള കാരണം അമ്മയാണ്. തമിഴ്നാട്ടിൽ ചെയ്തുതീർക്കാനുള്ള കടമകൾ തീർത്താലുടൻ കേരളത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
'ഒരു പരിചയവുമില്ലാത്ത നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, എന്റെ മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം ഏറെ കടപ്പാടുണ്ട്', എന്നായിരുന്നു മകന്റെ മോചനത്തിന് വേണ്ടി നിരന്തരം പോരാട്ടം നയിച്ച അമ്മ അര്‍പ്പുതമ്മാള്‍ പ്രതികരിച്ചത്.
1991 മേയ് 21 നാണ്, അന്ന് പത്തൊമ്പതുകാരനായ പേരറിവാളന്റെ ജീവിതത്തിലെ 31 കൊല്ലങ്ങള്‍ കവര്‍ന്നെടുത്ത രാജീവ്ഗാന്ധി വധമുണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധത്തില്‍ എ.ജി. പേരറിവാളനും പ്രതി ചേര്‍ക്കപ്പെട്ടു. സ്‌ഫോടനത്തിനായി ഉപയോഗിച്ച ഒമ്പത് വോള്‍ട്ടിന്റെ ബാറ്ററി കൈമാറിയത് പേരറിവാളനാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പ്രതി ചേര്‍ക്കപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പേരറിവാളന്റെ അറസ്റ്റ്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ബാറ്ററി നല്‍കിയത് പേരറിവാളനാണ് എന്നായിരുന്നു കേസ്.
Content Highlights: ag perarivalan reaction after release verdict on mathrubhumi news