യൂത്ത് കോൺഗ്രസുകാർ യുറ്റ്യൂബറെ കൈയേറ്റംചെയ്യുന്ന ദൃശ്യം പുറത്ത്

അടൂർ: അപകീർത്തിക്കേസിൽ യുറ്റ്യൂബർ രാജൻ ജോസഫിനെ അറസ്റ്റുചെയ്തു കൊണ്ടുവന്നപ്പോൾ പോലീസ് സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റംചെയ്തതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. സെല്ലിൽ കഴിഞ്ഞിരുന്ന രാജൻ ജോസഫിനെ പരാതിക്കാരിയായ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഇത് പാടില്ലെന്ന് ശ്രീനാദേവിയോട് സി.ഐ. പറയുന്നതും കാണാം.
ജൂലായ് 11-ന് രാത്രി 11-നു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശി സൂരജാണ് അപേക്ഷ നൽകിയത്. കോൺഗ്രസ് നേതാവായ ശ്രീനാദേവിക്കുഞ്ഞമ്മയ്ക്കെതിരേ അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യുറ്റ്യൂബർ രാജൻ ജോസഫിനെ അറസ്റ്റുചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ സ്റ്റേഷനിലെത്തിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ട്.
“സുഖമാണോ ചേട്ടാ എന്നാണ് ചോദിച്ചത്”
സ്റ്റേഷൻ ആക്രമിക്കുകയോ രാജൻ ജോസഫിനെ തല്ലുകയോചെയ്യുന്ന ദൃശ്യമല്ല പുറത്തുവന്നത്. രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. സുഖമാണോ ചേട്ടാ എന്നാണ് ചോദിച്ചത്. അതിൽ എന്താണ് കുഴപ്പമെന്നും ശ്രീനാദേവി ചോദിച്ചു.
Content Highlights: CCTV footage from Adoor police station regarding YouTuber Rajan Joseph's arrest released via RTI., Shows Congress workers clashing near the station during the arrest., Footage captures district panchayat member Sreenadevi Kunjamma confronting Rajan Joseph inside the cell., Sreenadevi denies threatening Rajan Joseph, stating she only asked how he was.