സ്ഥാനാർഥിപ്പട്ടിക വൈകിയത് ദേശീയ പാർട്ടിയായതിനാൽ, തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ട്-അടൂർ പ്രകാശ്

തിരുവനന്തപുരം: ഏപ്രിൽ ഒൻപതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റ് നേടി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് അടൂർ പ്രകാശ് എംപി. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ ചില തീരുമാനങ്ങൾ എടുക്കാൻ കാലതാമസം ഉണ്ടായതായും. അത് മനഃപൂർവമായി ഉണ്ടാക്കിയതല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 കൊല്ലം കോന്നിയിലെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. പാർട്ടിയുടെ നിർദേശപ്രകാരമാണ് ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചത്. കോന്നിയിലെ ജനങ്ങൾ ആവർത്തിച്ച് താത്പര്യമറിയിച്ചതുകൊണ്ടാണ് മത്സരിക്കാമെന്ന് കരുതിയത്. പക്ഷേ, എംപിമാർ തൽക്കാലം മത്സരിക്കേണ്ടതില്ല എന്ന എഐസിസിയുടെ തീരുമാനം പൂർണമായും അംഗീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും, കോന്നിയിൽ മത്സരിക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന അനിശ്ചിതത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് അടൂർ പ്രകാശ് പ്രതികരിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി തന്നെ സ്‌നേഹിക്കുന്നവർ കോന്നിയിലുണ്ടെന്നും അവർക്കുവേണ്ടി എഫ്ബിയിൽ നിന്ന് പിൻവലിച്ച പോസ്റ്റ് വീണ്ടും പങ്കുവെച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
കെ. സുധാകരനുമായി സംസാരിക്കാനുള്ള അവസരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിപ്പട്ടികയും പ്രചാരണവും വൈകിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ദേശീയ പ്രസ്ഥാനമെന്ന നിലയിൽ മുതിർന്ന നേതാക്കളാണ് സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും അതിൽ ആർക്കും പ്രശ്‌നങ്ങളില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlights: UDF projected to win over 100 seats in the assembly elections., Adoor Prakash clarifies AICC decision on MPs contesting elections., Emphasis on party unity and collective decision-making process., Dismissal of rumors regarding internal conflict over candidate selection.