സുധാകരൻ അയഞ്ഞപ്പോൾ അടൂർ പ്രകാശ് മുറുകി; കൂടുതൽ എംപിമാർ വരുമെന്ന് ഭയന്ന് ഹൈക്കമാൻഡ്

#ന്യൂസ് ഡെസ്ക്
അടൂർ പ്രകാശ് | Photo: mathrubhumi
അടൂർ പ്രകാശ് | Photo: mathrubhumi

കൊല്ലം: കെ. സുധാകരന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവ് നൽകിയതോടെ തനിക്കും മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ്. ഹൈക്കമാൻഡ് മുമ്പ് നിലപാട് മാറ്റില്ലെന്ന് കരുതി മത്സരിക്കില്ലെന്ന് വൈകാരികമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അടൂർ പ്രകാശ് സുധാകരന് മുന്നിൽ നേതൃത്വം വഴങ്ങുന്നുവെന്ന് കണ്ടതോടെയാണ് നിലപാട് കടുപ്പിച്ചത്.

മത്സരിക്കണമെന്ന ആവശ്യം അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചുവെന്നാണ് വിവരം. കെ. സുധാകരനുള്ള അർഹത തനിക്കുമുണ്ടെന്നാണ് അടൂർ പ്രകാശ് വാദിക്കുന്നത്. കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അതിന് താൻ ഉത്തരവാദിയാകില്ലെന്നും അടൂർ പ്രകാശ് ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം.

നേരത്തെ എംകെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യമുണ്ടായിരുന്നു. കൂടുതൽ എംപിമാർ മത്സരിക്കാൻ ആവശ്യമുന്നയിച്ചപ്പോഴാണ് എംപിമാർ ആരും മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിയത്.

എന്നാൽ, കണ്ണൂർ സീറ്റിലേക്ക് കെ. സുധാകരന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് അടൂർ പ്രകാശ് മതസരിക്കാനുള്ള ആഗ്രഹം വീണ്ടും ശക്തമാക്കിയത്. ഹൈക്കമാൻഡിന് ഇദ്ദേഹം സന്ദേശമയച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കെ. സുധാകരന് മത്സരിക്കാൻ അനുമതി നൽകിയാൽ തനിക്കും മത്സരിക്കാൻ അനുമതി നൽകണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെടുന്നത്. എം.പിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന പൊതു നിലപാടിന്റെ ഭാഗമായാണ് തന്നെ മാറ്റിനിർത്തിയത്. ഇത് മാറ്റുമ്പോൾ തന്നെയും പരിഗണിക്കണം എന്നാണ് ആവശ്യം. കോന്നിയിൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കെ.എസ്.യു കാലം മുതൽ താൻ കോൺഗ്രസിനൊപ്പമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ കോന്നി സീറ്റിൽ തനിക്കും അർഹതയുണ്ടെന്നാണ് അടൂർ പ്രകാശ് മുന്നോട്ടുവയ്ക്കുന്ന വാദം.

അതേസമയം, എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നാൽ കൂടുതൽ എംപിമാർ മത്സരിക്കണമെന്ന ആവശ്യവുമായി വീണ്ടുമെത്തും. അത് സ്ഥാനാർഥി നിർണയത്തെ ബാധിക്കും. ഇന്ന് രാവിലെ 10 മണിയോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സുധാകരൻ വഴങ്ങാതെ നിന്നതോടെയാണ് ഹൈക്കമാൻഡ് അയഞ്ഞത്. അടൂർ പ്രകാശും മത്സരിക്കാനുള്ള ആവശ്യം മുന്നോട്ടുവെച്ചതോടെ സ്ഥാനാർഥി നിർണയം ഇനിയും വൈകും.

Content Highlights: Adoor Prakash challenges the high command's decision on MP candidacies., Claims parity with K Sudhakaran regarding the right to contest elections., Warns of potential negative consequences in the Konni constituency., Ongoing internal friction within Congress regarding candidate selection criteria.