വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ മരിച്ച സംഭവം: വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായി

സീത
സീത

പീരുമേട് (ഇടുക്കി): വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ മരിച്ച സംഭവത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായി. റിപ്പോര്‍ട്ട് പീരുമേട് താലൂക്ക് ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ട് വിഭാഗത്തിനാണ് കൈമാറിയിരുന്നത്. ഇത് ഇനി പോലീസ് കൈപ്പറ്റണം. സംഭവംനടന്ന് 14 ദിവസത്തിനു ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിലെ പ്രാഥമിക കണ്ടെത്തലിന് സമാനമായി സീതയുടെ മരണം നരഹത്യയാകാനുള്ള സാധ്യത വിശദമായ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് തയ്യാറായതോടെ ഇനി അന്വേഷണം കൂടുതല്‍ വേഗത്തിലാകും. തോട്ടാപ്പുര സ്വദേശി സീത (42) ജൂണ്‍ 13-നാണ് മരിച്ചത്. ശബരിമല വനമേഖലയുടെ ഭാഗമായ മീന്‍മുട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന സീതയുടെ ഭര്‍ത്താവ് ബിനുവും മക്കളും പോലീസിന് മൊഴിനല്‍കിയിരുന്നു. 

എന്നാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സീതയുടെ ദേഹത്തെ പരിക്കുകളുടെ സ്വഭാവം കാട്ടാന ആക്രമണത്തില്‍ നിന്നല്ലെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിലും മറ്റുമുള്ള വിരല്‍പ്പാടുകള്‍ നരഹത്യ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് മീന്‍മുട്ടിയില്‍ പോലീസ് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ സീതയെ കാട്ടാനയാക്രമിച്ചു എന്നാണ് കണ്ടെത്തല്‍. ബിനു പറഞ്ഞ സ്ഥലത്ത് ആന എത്തിയിരുന്നതായും ഇവിടെ നാശം വിതച്ചിട്ടുള്ളതായും ഫൊറന്‍സിക് വിഭാഗം പറയുന്നു.

Content Highlights: adivasi woman seetha death case detailed post mortem report