നിലമ്പൂരില്‍ കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം

നിലമ്പൂര്‍: വാണിയമ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. വാണിയമ്പുഴ സ്വദേശി ബില്ലി(56)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാര്‍ പുഴയുടെ അക്കരെയാണ് വാണിയമ്പുഴ. ആദിവാസിമേഖലയാണിത്. കാട് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തോടിന് അടുത്തുവെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.
ബില്ലിയുടെ മൃതദേഹം ഇപ്പോഴും ചാലിയാറിനക്കരെ വാണിയമ്പുഴയിലെ വനപ്രദേശത്താണുള്ളത്. ഇരുട്ടുകുത്തി കടവുകടന്ന് മൃതദേഹം കൊണ്ടുവരാന്‍ പോയ അഗ്നിരക്ഷാ സേനയുടെ ഡിങ്കിബോട്ട് ചാലിയാറിലെ കുത്തൊഴുക്കില്‍പെട്ടു. ഏഴ് അഗ്നിരക്ഷാസേനാംഗങ്ങളും ഈ ബോട്ടിലുണ്ട്. ഇവരുടെ ഡിങ്കി ബോട്ട് പുഴയിലെ ഒരു തുരുത്തിൽ തടഞ്ഞ് നിൽക്കുകയാണ്. ഇത് ഇനി താഴേക്ക് ഒഴുകി പോകില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനാംഗങ്ങളെ രക്ഷപ്പെടുത്താനായി എൻഡിആർഎഫ് സംഘം എത്തിയിട്ടുണ്ട്.
ഇരുട്ടുകുത്തി കടവില്‍നിന്ന് ഒരു കിലോമീറ്ററോളം താഴെയായാണ് ഡിങ്കി ബോട്ട് കരയിലടുത്തത്. മൃതദേഹം കടവു കടത്തി കൊണ്ടുവരാന്‍ രാത്രി വൈകുമെന്നാണ് വിവരം. നിലമ്പൂരില്‍നിന്ന് 25 കിലോമീറ്ററോളം അകലെ പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരിയിലാണ് ഇരുട്ടുകുത്തി കടവ്. കടവ് കടന്നു വേണം വനപ്രദേശത്തെ വാണിയമ്പുഴ ഉന്നതിയില്‍ എത്താന്‍.
Content Highlights: adivasi man dies in wild elephant attack in nilambur