കിണറ്റിൽവീണ കാട്ടുപന്നിയെ രക്ഷിച്ച് വനംവകുപ്പ്; കൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം തള്ളിയതിൽ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
കിണറ്റിൽവീണ കാട്ടുപന്നി | Photo:mathrubhumi
കിണറ്റിൽവീണ കാട്ടുപന്നി | Photo:mathrubhumi

അടിമാലി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ പിടികൂടി വനപാലകർ കൊണ്ടുപോയി. ക്ഷുദ്രജീവിയായ ഇതിനെ വെടിവെച്ചുകൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചാണ് വനംവകുപ്പ് ഈ നടപടി സ്വീകരിച്ചത്. ഇതോടെ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്.

മാങ്കുളം പഞ്ചായത്തിലെ വേലിയാംപാറയിൽ കുളത്തിങ്കൽ ബാബു രാമന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ കാട്ടുപന്നി വീണത്‌.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി. ഏറെ നാളുകളായി നാട്ടുകാരുടെ കൃഷിയും മറ്റു ദേഹണ്ണങ്ങളും നശിപ്പിച്ചിരുന്ന കാട്ടുപന്നിയായിരുന്നു ഇത്. ഇതിനെ കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് വന്നു. എന്നാൽ, വനംവകുപ്പ് അതിന്‌ തയ്യാറായില്ല. ഒടുവിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ഇതിനെ പിടികൂടി പനം വകുപ്പ് കൊണ്ടുപോയി.

വേലിയാംപാറയിൽ കപ്പ, വാഴ, എന്നിവ നശിപ്പിക്കുന്ന കാട്ടുപന്നിയെ പിടികൂടാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതിനിടയിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി കിണറ്റിൽ വീണത്.

മാങ്കുളം പഞ്ചായത്തിൽ ക്ഷുദ്രജീവിയെ വെടിവയ്ക്കുന്നതിന് ലൈസൻസുള്ള ആൾ ഉണ്ടായിരുന്നില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്തായാലും വനവകുപ്പിന്റെ നടപടി നാട്ടിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനങ്ങളുടെ ജീവനും കൃഷിക്കും നാശം വരുത്തുന്ന ക്ഷുദ്രജീവികളെ വെടിവെച്ചുകൊല്ലാൻ 2022 മേയ് മാസത്തിൽ സർക്കാരിന്റെ ഉത്തരവുള്ളതാണ്. എന്നാൽ, ഏറ്റവും കൂടുതൽ കാട്ടുപന്നികളുടെ ശല്യമുള്ള മാങ്കുളം പഞ്ചായത്തിൽ വനം വകുപ്പ് ഇതിന് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Content Highlights: Forest officials rescued a wild boar from a private well in Adimali, ignoring local demands to shoot the pest. Residents protest the decision, citing crop damage and safety concerns.