ഭർത്താവും വീടും ഒരുകാലും നഷ്ടപ്പെട്ടു; സന്ധ്യയ്ക്ക് സർക്കാർ നൽകിയത് 15,000 രൂപ മാത്രം

സന്ധ്യ ബന്ധുവീട്ടിൽ
സന്ധ്യ ബന്ധുവീട്ടിൽ

അടിമാലി: ലക്ഷംവീട്നഗറിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഒരുകാൽ നഷ്ടപ്പെട്ട നെടുമ്പിള്ളിക്കുടി സന്ധ്യാ ബിജുവിന് സർക്കാരിൽനിന്ന് സഹായമായി ലഭിച്ചത് 15,000 രൂപ മാത്രം. 2025 ഒക്ടോബർ 25-ന് ഉണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യയ്ക്ക് ഭർത്താവ് ബിജുവിനെ നഷ്ടപ്പെട്ടിരുന്നു. തലചായ്ക്കാൻ ആകെയുണ്ടായിരുന്ന വീടും പോയി. ദുരന്തത്തെത്തുടർന്ന് 39 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഒടുവിൽ കാൽ മുറിച്ചു. ദുരന്തമുണ്ടായപ്പോൾ സർക്കാർ 15,000 രൂപ നൽകിയിരുന്നു. എന്നാൽ പിന്നീട് സർക്കാർ പ്രഖ്യാപിച്ച ഒരു രൂപപോലും ലഭിച്ചിട്ടില്ല. റോഡ് നിർമിച്ച കരാർ കമ്പനി മൂന്നുലക്ഷം രൂപ നൽകി. എറണാകുളത്തെ ചികിത്സാസമയത്ത് മമ്മൂട്ടി ഫൗണ്ടേഷനും സഹായിച്ചു. കൃത്രിമകാൽ വെച്ചുതരാം എന്ന് ഇവർ ഉറപ്പു നൽകിയിട്ടുണ്ടെന്നും സന്ധ്യ പറയുന്നു.

ചികിത്സയ്ക്കുശേഷം ഒന്നരമാസമായി ബന്ധുവീട്ടിലാണ് സന്ധ്യ കഴിയുന്നത്. ഒരു മകളുമുണ്ട്. ഒരുലക്ഷം രൂപ ഉടൻ നൽകുമെന്ന് കളക്ടർ ദുരന്തസമയത്ത് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപപോലും കിട്ടിയില്ല. സർക്കാർ ആനുകൂല്യത്തിനായി സന്ധ്യയുടെ ബന്ധുക്കൾ ഇപ്പോൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു. പ്രകൃതിദുരന്തമല്ല മനുഷ്യനിർമിത ദുരന്തമാണെന്നാണ് സർക്കാർ നിലപാട്. ഇതാണ് സാമ്പത്തിക സഹായം വൈകുവാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാരോ, നിർമാണ കമ്പനിയോ മുൻകൈയെടുത്ത് പുതിയ ഒരുവീട് നിർമിച്ചുനൽകണമെന്നാണ് സന്ധ്യയുടെ ആവശ്യം.

ലക്ഷംവീട് നഗറിലെ ഒൻപത് വീടുകളാണ് അന്ന് പൂർണമായും തകർന്നത്. അഞ്ചുദിവസം ഇവരെ അടിമാലി സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിപ്പിച്ചു. പിന്നീട് വാടകവീടുകളിലേക്ക് മാറാൻ നിർദേശം നൽകി. വാടക സർക്കാർ നൽകുമെന്നാണ് പറഞ്ഞത്. എന്നാൽ മൂന്നുമാസമായിട്ടും ഒരു കുടുംബത്തിനുപോലും സർക്കാരോ, ദേശീയപാത നിർമാണകമ്പനിയോ വാടകത്തുക നൽകിയിട്ടില്ല. പലർക്കും വാടകവീടുകളിൽനിന്ന് മാറേണ്ട അവസ്ഥയാണ്.